തിരുനെല്ലി: ഇന്ന് ചിങ്ങം അഞ്ച്. മാനം തെളിയുന്നു. മഴയുടെ ശക്തി കുറഞ്ഞു. വയൽനാടെന്ന് അറിയപ്പെടുന്ന വയനാട്ടിലെ വയലേലകളിൽ നാട്ടിപ്പണിയുടെ തിരക്കായി. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് വയനാടൻ ജനത ഇതേവരെ വിമുക്തരായിട്ടില്ലെങ്കിലും കൃഷിയിറക്കാതെ പറ്റില്ലല്ലോ.
വയനാടൻ വയലുകളിൽ ഒരു കാലത്ത് പോത്തുകളെയും കാളകളെയുമൊക്കെ ഉപയോഗിച്ച് നടത്തിയിരുന്ന നാട്ടിപ്പണി ഇന്ന് യന്ത്രങ്ങളുടെ നിയന്ത്രണത്തിലാണ്. തൊഴിലാളികളെ കിട്ടാനില്ലാതായതോടെ വയൽപ്പണി പ്രതിസന്ധിയിലുമായിരുന്നു. പലരും കൃഷി ഉപേക്ഷിച്ചു. മാറിമറയുന്ന കാലാവസ്ഥയും കർഷകർക്ക് ഗുണകരമല്ല. മനുഷ്യന്റെ വിയർപ്പിൽ പച്ച പിടിക്കുന്ന വയനാടൻ പാടങ്ങൾ ഇന്ന് വളരെ ചുരുക്കം. കാളകൾക്ക് പകരം ട്രാക്ടറും ട്രില്ലറുമൊക്കെയായി. ഞാറ് നടീലിന് യന്ത്രങ്ങൾവരെയൊയി. ബംഗാളികളും വൻ തോതിൽ വയനാടൻ പാടങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങി. ഒരേക്കർ വയലിൽ ഞാറ് പറിച്ച് നടുന്നതിന് ബംഗാളികൾക്ക് ഏതാണ്ട് അയ്യായിരം രൂപ മതി. എല്ലാം വളരെ വൃത്തിയായി ചെയ്തുതരും. തൊഴിലുറപ്പ് പദ്ധതി കൃഷിപ്പണിയിലേക്ക് വ്യാപിച്ചിരുന്നെങ്കിൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. നീർക്കുഴി നിർമ്മാണത്തിന് മാത്രമേ തൊഴിലുറപ്പ് പദ്ധതിയുളളു.
നാട്ടിപ്പണി തുടങ്ങിയാൽ വയനാടൻ വയലുകളിൽ നിറസാന്നിദ്ധ്യം ആദിവാസികളായിരുന്നു. വയനാട്ടിലെ വയലേലകളിൽ ചോര നീരാക്കി വേല ചെയ്തിരുന്നവർ ഇന്ന് ഈ മേഖലയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങി. പാട്ടും നൃത്തവുമായാണ് വയനാടൻ വയലേലകളെ ഇവർ സമ്പന്നമാക്കിയിരുന്നത്. ഇന്ന് എല്ലാം ഓർമ്മകളായി മാറി. വയനാട്ടിൽ തിരുനെല്ലി ,ചേകാടി ,നൂൽപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ആദിവാസികൾ വയൽപ്പണി ചെയ്യുന്നുണ്ട്. തിരുനെല്ലിയിലെ വയലുകളിൽ ആദിവാസികൾ 'അമ്മനാട്ടി' എന്ന ഒരു ചടങ്ങ് വരെ നടത്തിയിരുന്നു. നാട്ടിപ്പണി കഴിയുന്ന ദിവസം വയൽവരമ്പിൽ പ്രത്യേക പൂജ നടത്തുന്നതാണ് അമ്മ നാട്ടി. അത് അവരുടെ വിശ്വാസമാണ്. പാടം ജന്മിയുടെതാണെങ്കിലും വിശ്വാസം തലമുറകളായി ആദിവാസികൾ പിന്തുടരുന്നു.