zone

സുൽത്താൻ ബത്തേരി : നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് ഗോത്ര സങ്കേതത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ സങ്കേതത്തിലെ 209 പേർ നിരീക്ഷണത്തിലായി. അതിസാരത്തെ തുടർന്ന് 11 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോളിപ്പാളി സങ്കേതത്തിലെ ഒരാളും അതിസാരത്തെ തുടർന്ന് ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോളറ സ്ഥിരീകരണത്തിന് എട്ടു പേരുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ മരിച്ച വീട്ടമ്മയടക്കം രണ്ടു പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ആറുപേരുടെ ഫലം വരാനുണ്ട്. സങ്കേതം സ്ഥിതി ചെയ്യുന്ന മേഖല പ്രത്യേക കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാകളക്ടർ ഉത്തരവിറക്കി. കോളറ ബാധിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന 209 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 59 പേർ കുണ്ടാണംകുന്ന് സങ്കേതത്തിലുള്ളവരും ബാക്കിയുള്ളവർ വീട്ടമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരുമാണ്. 15 പേർ നൂൽപ്പുഴ പഞ്ചായത്തിന് പുറത്തുള്ളവരാണ്.