naser
നാസർ വീഡിയോ കോളിലൂടെ സുഹൃത്തിനോട് വിവരങ്ങൾ പങ്കുവയ്ക്കുന്നു

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും പ്രിയപ്പെട്ട ഉമ്മയെ രക്ഷപ്പെടുത്താനായ ആശ്വാസത്തിലാണ് മുണ്ടക്കൈ സ്വദേശി ആലക്കൽ നാസർ. കേൾവി സംസാര പരിമിതിയുള്ള നാസറിന്റെ കൺമുമ്പിൽ വച്ചാണ് രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരെ ദുരന്തം തട്ടിയെടുത്തത്. നാസറിന്റെ സങ്കടങ്ങൾ ആരുടെയും കരളലിയിക്കുന്നതാണ്.
ഉമ്മയോടൊപ്പം മുണ്ടക്കൈയിലായിരുന്നു നാസർ താമസിച്ചിരുന്നത്.

ആർത്തലച്ചെത്തിയ ഉരുൾപൊട്ടലിന്റെ ശബ്ദകോലാഹലങ്ങളൊന്നും നാസർ അറിഞ്ഞിരുന്നില്ല. പ്രകൃതിയിലെ അസാധാരണ മാറ്റത്തിൽ നിന്നും എന്തോ നടക്കാനിരിക്കുന്നുണ്ടെന്ന ഭയം നാസറിനേയും പിടികൂടിയിരുന്നു. അന്നത്തെ സംഭവം ആംഗ്യഭാഷയിൽ നാസർ ദുരിതാശ്വാസക്യാമ്പുകളിൽ എത്തുന്നവരോട് വിവരിക്കുന്നുണ്ട്..

'ഉരുൾപൊട്ടൽ നടക്കുമ്പോൾ ഞാനും ഉമ്മയും അടുക്കളയിലായിരുന്നു. തൊട്ടപ്പുറത്തെ പാടിമുറിയിൽ സഹോദരങ്ങളും കുടുംബവുമുണ്ട്. പെട്ടെന്നാണ് അത് സംഭവിച്ചത്. പാടിമുറി രണ്ടായി പിളർന്ന് മാറി കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ഉമ്മ കുടുങ്ങി. ഉമ്മയെ കൈപിടിച്ച് പരമാവധി ശക്തിയിൽ പുറത്തേക്ക് വലിച്ചു. അങ്ങനെയാണ് ഉമ്മയെ രക്ഷപ്പെടുത്തിയത്.
കൈകാലുകൾക്ക് സാരമായി പരിക്കേറ്റ ഉമ്മ ഇപ്പോഴും വിശ്രമത്തിലാണ്.

മണ്ണിലേക്ക് താഴ്ന്നുപോകുന്ന സഹോദരനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് നാസറിന്. കുറച്ചുനേരം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല. ഭൂമി കുലുങ്ങുന്നത്‌പോലെയാണ്‌ തോന്നിയത്. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല .ക്യാമ്പിലെ പ്രിയപ്പെട്ട നാട്ടുകാരും ബന്ധുക്കളുമാണ് ആശ്വാസം. ദുരന്തം കാരണം വരുമാനവും മുടങ്ങി. ഇനി എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തണം. ഇങ്ങനെ ജീവിക്കാൻ കഴിയില്ലല്ലോ- നാസർ പറയുന്നു
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പിലെ ബഹുഭൂരിഭാഗം ആളുകളും താൽക്കാലിക പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറി. ഇപ്പോഴും സ്‌കൂളിന്റെ വരാന്തയിലൂടെ ഏകനായി നടക്കുകയാണ് നാസർ.