സുൽത്താൻ ബത്തേരി : കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയിൽ പട്ടാപ്പകൽ കാട്ടാന. ഇന്നലെ രാവിലെ 8.45നാണ് കാട്ടുകൊമ്പൻ ബസ് പാർക്കിംഗ് യാർഡിനോട് ചേർന്ന കംഫർട്ട് സ്റ്റേഷന് സമീപം എത്തിയത്. ആനയെ കണ്ടതോടെ ബസുകളിലും ഡിപ്പോയിലും ഉണ്ടായിരുന്ന യാത്രക്കാർ ബഹളം വെച്ചതോടെ സമീപത്തെ വനത്തിലേക്ക് കയറി. മുക്കൽ മണിക്കൂറിന് ശേഷം വീണ്ടും ആന ഡിപ്പോയിലെത്തി. ജീവനക്കാരും യാത്രക്കാരും ഒച്ചവച്ചതോടെ സമീപത്തെ വനത്തിലേയ്ക്ക് മാറി നിലയുറപ്പിക്കുകയായിരുന്നു. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി പരിസരം മുതൽ മൂടക്കൊല്ലി വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച പ്രതിരോധ വേലി തകർന്ന് കിടക്കുന്ന ചപ്പക്കൊല്ലി പഴുപ്പത്തൂർ ഭാഗത്തുകൂടെയാണ് കാട്ടാന ഡിപ്പോയിലെത്തിയത്. ഡിപ്പോയിലെത്തിയ കാട്ടുകൊമ്പനെ ആദ്യം കണ്ടത് തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഡ്രൈവർ വിനോദായിരുന്നു. പെട്രോൾ ബങ്കിൽ എണ്ണയടിക്കാനായി നിർത്തിയിട്ടപ്പോഴാണ് സമീപത്തെ കംഫർട്ട് സ്റ്റേഷനരികിലൂടെ ആന ബസിന്റെ സമീപത്തേയ്ക്ക് വരുന്നത് കണ്ടത്.
വിവരമറിഞ്ഞ് മുത്തങ്ങ റെയിഞ്ച് ഓഫീസർ പി.സഞ്ജയ്കുമാർ, ഡെപ്യുട്ടി റെയിഞ്ചർ സുനിൽകുമാർ, വെറ്ററിനറി ഡോക്ടർ അജേഷ് മോഹൻദാസ്, ആർ.ആർ.ടി റെയിഞ്ചർ മനോജ്കുമാർ, വനം വകുപ്പ് ഉദ്യോഗസ്ഥന്മാരായ വിനോദ്കുമാർ, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആനയെ ഉൾവനത്തിലേയ്ക്ക് തിരിച്ചു വിടാനുള്ള ദൗത്യം ആരംഭിച്ചു. വനത്തിനകത്തേയ്ക്ക് ഓടിച്ച് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഡിപ്പോ പരിസരത്ത് തന്നെ നിലയുറപ്പിച്ചു. പിന്നീട് പടക്കംപൊട്ടിച്ചും മറ്റും ആനയെ ചപ്പക്കൊല്ലി ഭാഗത്ത് ഫെൻസിംഗിനരികിലൂടെ തുരത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ കൊമ്പനെ തുരത്താൻ മുത്തങ്ങയിൽ നിന്ന് കുഞ്ചു, സൂര്യൻ എന്നീ കൊമ്പൻമാരെ എത്തിച്ചു. എന്നാൽ കൊമ്പൻ ചപ്പക്കൊല്ലി ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെത്തിയതോടെ നേരെ തേൻകുഴി ഭാഗത്തേക്ക് മാറിഅതിനിടെ കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകൾ വനംവകുപ്പ് സ്വീകരിച്ചു. ഒടുവിൽ റെയിൽ ഫെൻസിംഗിനും ജനവാസകേന്ദ്രത്തിനുമിടയിലെ വനമേഖലയിൽ നിലയുറപ്പിച്ച ആനയെ ഉൾവനത്തിലേയ്ക്ക് കടത്തിവിട്ടു.