മേപ്പാടി :തൊഴിലവസര പുനരേകീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി 'ഞങ്ങളുമുണ്ട് കൂടെ ' തൊഴിൽ മേള കാപ്പംകൊല്ലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെയ്തു പരിചയമുള്ള തൊഴിലുകൾക്ക് പുറമേ തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താനും ഉൾപ്പെടുത്തുവാനും സാധിക്കണം. തൊഴിൽ മേളകളിൽ ഇത്തരം സാധ്യതകൾക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തചശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുടെ മുമ്പിൽ അവതരിപ്പിച്ച പ്രധാനപ്പെട്ട വിഷയം തൊഴിലവസത്തിന്റെ പുനരേകീകരണമാണെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഓരോ ഘട്ടത്തിലും കരുതലോടെയും വലിയ ശ്രദ്ധയോടുകൂടി ചെറിയ കാര്യങ്ങളിൽ വരെ ഇടപെടാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 91,05773 രൂപയുടെ ചെക്ക് ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ മന്ത്രി കെ.രാജന് കൈമാറി.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, മേപ്പാടി സി.ഡി.എസ് ചെയർപേഴ്സൺ
ബിനി പ്രഭാകരൻ, അസി.ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ റജീന വി.കെ, സെലീന.കെ, അമീൻ.കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ നിഷാദ് സി.സി, ഷിബു.എൻ.പി ജില്ലാ പ്രോഗ്രാം മാനേജർമാരായ ജെൻസൺ എം ജോയ്, അപ്സന. കെ വിവിധ കമ്പനികളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.