കാവുമന്ദം: തരിയോട് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ ഷമീം പാറക്കണ്ടിയെ തിരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം കോൺഗ്രസ് അംഗം വി.ജി ഷിബു രാജിവച്ച ഒഴിവിലേക്കാണ് ഷമീമിനെ തിരഞ്ഞെടുത്തത്. യു.ഡി.എഫിലെ മുഴുവൻ അംഗങ്ങളുടെയും വോട്ട് ഷമീമിന് ലഭിച്ചു. സി.പി.എമ്മിലെ കെ.എൻ ഗോപിനാഥിനെ പരാജയപ്പെടുത്തിയാണ് ഷമീം വിജയിച്ചത്.
പഞ്ചായത്ത് ഓഫീസിന് സമീപം ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഷമീം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
യു.ഡി.എഫ് 7 എൽ.ഡി.എഫ് 6 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. കോൺഗ്രസിലെ ഒരംഗം അവസാന നിമിഷം വരെ വോട്ട് ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചത് യു.ഡി.എഫിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. തരിയോട് പഞ്ചായത്തിൽ ആദ്യ മൂന്നര വർഷക്കാലം കോൺഗ്രസിലെ വി.ജി ഷിബു ആയിരുന്നു പ്രസിഡന്റ്.
അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയാൻ വിസമ്മതിച്ചത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സംസ്ഥാന നേതൃത്വം ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ചെന്നലോട് വാർഡിൽ നിന്നുമാണ് ഷമീം തിരഞ്ഞെടുക്കപ്പെട്ടത്.