nss

മേപ്പാടി: വയനാട് പ്രകൃതി ദുരന്തമുണ്ടായ ദിവസം മുതൽ രാപകൽ വ്യത്യാസമില്ലാതെ സേവന പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ തുടരുകയാണ് എൻ.എസ്.എസ് വിദ്യാർത്ഥികൾ. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ.അൻസറിന്റെ നേതൃത്വത്തിലാണ് വയനാട് ജില്ലയിലെ വിവിധ യൂണിറ്റുകൾ ഒത്തുചേർന്ന് പ്രവത്തിക്കുന്നത്.

എൻ.എസ്.എസ് സ്റ്റേറ്റ് സെല്ലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ, ടെക്നിക്കൽ സെൽ, ഐ.എച്ച്.ആർ.ഡി, വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി, കെ.ടി.യു എന്നിവിടങ്ങളിലെ എൻ.എസ്.എസ് വിഭാഗങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ്‌ കോളേജിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു.

ബാക്ക് ടു സ്‌കൂൾ, കോളേജ് പദ്ധതിയുടെ ആദ്യഘട്ടമായി പഠന ഉപകരണങ്ങളും മൊബൈൽ ഫോണും വിദ്യാർത്ഥികൾക്ക് നൽകി. സാധനങ്ങൾ ശേഖരിക്കുന്നതിനും നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിനും ആവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതിനും കമ്മ്യൂണിറ്റി കിച്ചൻ മേഖലയിലും എൻ.എസ്.എസ് വിദ്യാർത്ഥികൾ സജീവമായി.

വയനാട് ജില്ലാ കോ- ഓർഡിനേറ്റർ വിനോദ്‌ തോമസ്‌, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. എൻ.എ.ശിഹാബ്, പ്രോഗ്രാം ഓഫീസർമാരായ സെറീന.എം.എ, റിജില നാഥ്.എം.എ, ഷാഫി പുൽപ്പാറ, ഗണേഷ് കുമാർ, വിൽസൺ, വിദ്യാർത്ഥികളായ അർജുൻ രാജീവ്, നവ്യശ്രീ.എം.ബി, മുഹമ്മദ് ഫെബിൽ, അലീന രാജൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.