മേപ്പാടി: നാടിനെ നടുക്കിയ ഉരുൾപൊട്ടൽ നടന്നിട്ട് ഇന്നേക്ക് ഇരുപത്തിയാറ് ദിവസം കഴിയുമ്പോൾ, മുണ്ടക്കൈ,ചൂരൽമല ദേശക്കാർ അതിജീവിതത്തിന്റെ പാതയിലാണ്. എങ്കിലും പ്രകൃതി ഏല്പിച്ച പ്രഹരം തീരാവേദനയാണ്. ഉറ്റവർ അന്തിയുറങ്ങുന്നത് ഈ മണ്ണിലാണ്. ഈ മാസം 30 നകം താത്കാലിക പുനരധിവാസം പൂർത്തിയാക്കും.728 കുടുബങ്ങളായിരുന്നു ക്യാമ്പുകളിൽ അവശേഷിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വെള്ളരിമല സ്വദേശി എ. നാസറും മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിൽ ആളൊഴിഞ്ഞു.
ആശുപത്രികളിൽ കഴിയുന്നവരെ ചികിത്സ പൂർത്തിയാവുന്ന മുറയ്ക്ക് താത്കാലവാസസ്ഥലങ്ങളിലേക്ക് മാറ്റും.
സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്‌പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നു മാറിതാമസിച്ചത്. ഇവർക്ക് 'ബാക്ക് ടു ഹോം കിറ്റുകളും' ജില്ലാ ഭരണകൂടം എത്തിച്ചു വരികയാണ്. ഫർണിച്ചർ കിറ്റ്, ഷെൽട്ടർ കിറ്റ്, കിച്ചൺ കിറ്റ്, ക്ലീനിംഗ് കിറ്റ്, പേഴ്സണൽ ഹൈജീൻ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവ അടങ്ങിയതാണ് ബാക്ക് ടു ഹോം കിറ്റുകൾ. തൊഴിൽരഹിതനായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം ഒരു കുടുംബത്തിലെപരമാവധി രണ്ടുപേർക്ക് പ്രതിമാസം 18000 രൂപ ധനസഹായം നൽകും. ഇതിനു പുറമേയാണ് 6000 രൂപ മാസ വാടക. 750 ഓളം കുടുബങ്ങൾക്ക് ആദ്യഘട്ട ധനസഹായമായ 10,000 രൂപ വീതം വിതരണം ചെയ്തു.
ക്യാമ്പായിരുന്ന മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ മുതൽ അദ്ധ്യയനം തുടങ്ങും. ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു.
സ്ഥിരപുനരധിവാസം സാദ്ധ്യമാവുന്നതുവരെ ഇപ്പോൾ ജീവിക്കുന്ന പരിതസ്ഥിതിയിൽ ഓരോരുത്തർക്കും എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാവും. ഓരോരുത്തർക്കും നഷ്ടമായ ഭൂമിയുടെ വിവരങ്ങളും ശേഖരിക്കും. തൊഴിൽ, രോഗവിവരം, വിദ്യാഭ്യാസം, കാർഷിക വ്യാവസായികസേവന മേഖലകളിൽ എർപ്പെട്ടിരുന്നവരുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക് വിപുലീകരിക്കും.
വയനാട് പുനരധിവാസം: 29ന് സർവകക്ഷി യോഗം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ചുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന് വൈകിട്ട് 4.30ന് ഓൺലൈനായാണ് യോഗം ചേരുക.
റവന്യൂഭവനനിർമ്മാണം, വനംവന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ, പുരാരേഖ, ധനകാര്യം, പൊതുമരാമത്ത് വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡിഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കും.
രക്ഷാപ്രവർത്തനത്തിന്
എത്തിയ വാഹനങ്ങൾക്ക് പിഴ
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തവാർത്ത കേട്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വാഹന ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്. മേപ്പാടിയിലെയും പരിസരപ്രദേശങ്ങളിലെയും എ.ഐ ക്യാമറകളിൽ ദൃശ്യങ്ങൾ ഉൾപ്പെട്ടവർക്കാണ് പിഴ നോട്ടീസ് ലഭിക്കുന്നത്. കിട്ടുന്ന വാഹനങ്ങളിൽ കയറിയാണ് സന്നദ്ധ പ്രവർത്തകർ ദുരന്ത ഭൂമിയിലെത്തിയത്. വാഹനങ്ങളിൽ കയറുന്ന യാത്രക്കാരുടെ എണ്ണം നോക്കാതെ ഡ്രൈവർമാരും രക്ഷാപ്രവർത്തകരെ ദുരന്ത ഭൂമിയിലേക്കെത്തിച്ചു. ടിപ്പർ ലോറികളിൽ ഉൾപ്പെടെ രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയിരുന്നു.
സർക്കാർ ചുമതലപ്പെടുത്തിയ വാഹനങ്ങൾക്ക് പോലും ഇത്തരത്തിൽ പിഴ നോട്ടീസ് വരുന്നുണ്ട്. 2000 മുതൽ 10,000 വരെ പലർക്കും പിഴ അടയക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്.