അമ്പലവയൽ: പൂർണ തകർച്ചയിലായിരിക്കുകയാണ് ബ്രിട്ടീഷ് നിർമ്മിത കെട്ടിടങ്ങളായ നിസാൻ ഹട്ടുകൾ. സംരക്ഷണത്തിന് ആരുമില്ലാത്തതാണ് നിസാൻഹട്ടുകൾ തകർച്ചയുടെ വക്കിലെത്താൻ കാരണം. അമ്പലവയൽ മ്യൂസിയത്തിന് സമീപമുള്ള നിസാൻഹട്ടുകളാണ് സംരംക്ഷിക്കപ്പെടാതെ നശിക്കുന്നത്. ബ്രിട്ടീഷുകാർ അവരുടെ ആവശ്യങ്ങൾക്കായി നിർമിച്ച അർദ്ധവൃത്താകൃതിയിലുള്ള കെട്ടിടങ്ങളാണ് നിസാൻഹട്ടുകൾ. പൊക്കത്തിൽ കല്ലുപയോഗിച്ച് കെട്ടി അതിൽ കട്ടിയുള്ള ഷീറ്റുകൾ അർദ്ധവൃത്താകൃതിയിൽ സ്ഥാപിച്ചതാണിവ. അമ്പലവയൽ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 9 എണ്ണമുണ്ടായിരുന്നതിൽ അവശേഷിക്കുന്നത് മ്യൂസിയത്തിന് സമീപമുള്ള രണ്ടെണ്ണം മാത്രമാണ്.
പ്രദേശത്തെ ആശുപത്രി, അങ്കണവാടി തുടങ്ങിയവ നിസാൻഹട്ടുകളിൽ ആദ്യകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. ചൂടും തണുപ്പും മിതമായ രീതിയിലാകും ഇതിന്റെയുള്ളിൽ അനുഭവപ്പെടുക. വർഷങ്ങളായി ഇവ ഉപയോഗിക്കാതെ കിടക്കുകയാണ്. അവശേഷിക്കുന്ന രണ്ടെണ്ണവും പൂർണമായും നാശത്തിന്റെ വക്കിലാണ്. ഷീറ്റുകളെല്ലാം ഭൂരിഭാഗവും തകർന്നുവീണു. ബാക്കി ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലുമാണ്. സ്ഥല സൗകര്യമുള്ള ഇവയെ സംരക്ഷിച്ച് സമീപത്തുള്ള മ്യൂസിയത്തിന്റെ ഭാഗമായി സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് വർഷങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. ഇപ്പോൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ് നിസാൻഹട്ടുകൾ. മദ്യക്കുപ്പികളാണ് ചുറ്റിലും. സംരക്ഷിക്കാൻ നടപടികളെടുത്തില്ലെങ്കിൽ അവസാനത്തെ ഹട്ടുകളും നാമാവശേഷമാകും.