മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകളടക്കം ഇന്ന് തുറക്കും. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ അടക്കം 14 വിദ്യാലയങ്ങളാണ് തുറക്കുന്നത്. ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടക്കൈ ഗവ. എൽ.പി സ്കൂൾ എന്നിവ പ്രവേശനോത്സവത്തോടെ സെപ്തംബർ രണ്ടിനാകും തുറക്കുക.
27 ദിവസങ്ങൾക്കു ശേഷമാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുന്നത്. വെള്ളാർമല സ്കൂൾ മേപ്പാടി ഹൈസ്കൂളിലും മുണ്ടക്കൈ ഗവ.എൽ.പി സ്കൂൾ പഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് രണ്ടുമുതൽ പ്രവർത്തിക്കുക.
വയനാട്: 5
ശരീരഭാഗങ്ങൾ
തിരിച്ചറിഞ്ഞു
പ്രത്യേക ലേഖകൻ
കൽപ്പറ്റ: മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ പ്രദേശത്ത് രണ്ടുദിവസം മുമ്പ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ ആറ് ശരീരഭാഗങ്ങളിൽ അഞ്ചെണ്ണം മനുഷ്യരുടേത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് വ്യക്തമായത്. ഇവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെ 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളും കണ്ടെത്തി. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും എച്ച്. എം.എൽ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡി.എൻ.എ പരശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു. അതേസമയം,കാലാവസ്ഥ അനുകൂലമായതിനാൽ ആനടിക്കാപ്പ് ,സൂചിപ്പാറ മേഖലയിൽ തെരച്ചിൽ തുടരുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ദുരന്തബാധിതർ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും തെരച്ചിൽ. ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് എത്തിയ വിദഗ്ദ്ധ സംഘത്തോടൊപ്പം മന്ത്രിയും ദുരന്തമേഖലകൾ സന്ദർശിച്ചു.