മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരോടൊപ്പം അവധി ആഘോഷിക്കാൻ ചുരം കയറിയതായിരുന്നു. പക്ഷേ, മല തകർത്തെത്തിയ ഉരുളിൽ ഒരു നാടും അവിടെയുള്ളവരും മണ്ണിൽ പുതഞ്ഞപ്പോൾ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ സ്വീകൃതിക്കൊപ്പമെത്തിയ രണ്ട് കൂട്ടുകാരെയും നഷ്ടമായി. അതിലൊരാൾ ഇന്നും എവിടെയെന്നുപോലുമറിയില്ല.
ഗുരുതര പരിക്കുകളോടെ ജൂലായ് 30 നാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിലും വെന്റിലേറ്ററിലുമായി മാസം നീണ്ട ചികിത്സ. ഇൻഫെക്ഷൻ കാരണം ചികിത്സാഘട്ടത്തിൽ പല തവണ അവസ്ഥ മോശമായെങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 29 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ സങ്കടങ്ങൾ ബാക്കിയാക്കി സഹോദരിമാർക്കൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പൂചെണ്ട് നൽകി. പി.ജി പഠനം കഴിഞ്ഞാൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റായി ജോലി വാഗ്ദാനം നൽകി. അഡ്വ. ടി സിദ്ദിഖ് എം.എൽ.എ ഉപഹാരം കൈമാറി. ഡീൻ. ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡിജിഎമ്മുമാരായ ഡോ. ഷാനവാസ് പള്ളിയാൽ, സൂപ്പി കല്ലങ്കോടൻ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരും ഡോ.സ്വീകൃതിയെ യാത്രയാക്കാനെത്തിയിരുന്നു.