മേപ്പാടി: ഒരു കുടുംബം പോലെ ജീവിച്ചവരായിരുന്നു അവർ. അടുത്തടുത്ത് വീടുകൾ. സുഖദുഃഖങ്ങളിൽ അവർ ഒരുമിച്ചു. ആഘോഷങ്ങളിൽ അതിരുകളുണ്ടായില്ല. ഉത്സവവും പള്ളിപ്പെരുന്നാളും നബിദിനവും ഒരുമിച്ച് ആഘോഷിച്ചു. ഒടുവിൽ മഹാദുരന്തം തേടിയെത്തിയപ്പോൾ കുറേപേർ ഒരുമിച്ച് ദുരന്തത്തിനിരയായി. തിരിച്ചറിഞ്ഞവരും അറിയാത്തവരുമായി പുത്തുമലയിലെ പൊതുശ്മശാനത്തിൽ ഒരുമിച്ച് ഉറങ്ങുകയാണ്.
കല്ലിൽ രേഖപ്പെടുത്തിയിട്ടുള്ള നമ്പറാണ് അടയാള രേഖ. പേരോ മേൽവിലാസമോ ഇല്ല. അഞ്ച് മുറികളുള്ള പാടിയിൽ ഉള്ളത് പരസ്പരം പങ്കുവെച്ചായിരുന്നു അവരുടെ ജീവിതം. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മുന്നൂറോളം ശരീര ഭാഗങ്ങളാണ് പുത്തുമലയിൽ സംസ്‌കരിച്ചത്. ഏറ്റവും ഒടുവിൽ ചാലിയാറിൽ നിന്ന് ലഭിച്ച ശരീരഭാഗം ഇന്നലെ സർവമത പ്രാർത്ഥനയോടെ സംസ്‌കരിച്ചു. സൂചിപ്പാറ മേഖലയിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ 5 ശരീരഭാഗങ്ങൾ ചൊവ്വാഴ്ച സംസ്‌കരിച്ചിരുന്നു.