കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ കുറഞ്ഞതിനെത്തുടർന്ന് പഴശ്ശി പാർക്ക് മാനന്തവാടി, എടക്കൽ ഗുഹ, പ്രിയദർശിനി ടീ എൻവിറോൺസ്, പഞ്ചാരകൊല്ലി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. പ്രവർത്തന സമയം വൈകിട്ട് 6.30 വരെയായിരിക്കും. എന്നാൽ ഉത്തരവിന് മുൻപ് 6.30ന് മുൻപുള്ള സമയക്രമം പാലിച്ചിരുന്ന കേന്ദ്രങ്ങൾ അതേ സമയക്രമം പാലിക്കേണ്ടതാണ്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അതത് കേന്ദ്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇതോടെ ജില്ലയിൽ തുറന്നുപ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ ഒൻപതായി.
പ്രവർത്തന സമയം നാലു മണിവരെയായിരുന്ന ടൗൺ സ്ക്വയർ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയൽ, പൂക്കോട് തടാകം വൈത്തിരി, കർളാട് തടാകം വൈത്തിരി, പഴശ്ശി ലാൻഡ്സ്കേപ്പ് മ്യൂസിയം പുൽപള്ളി, കാരാപ്പുഴ ഡാം എന്നിവയുടെ പ്രവർത്തന സമയം 6.30 വരെയായി വരെയായി ദീർഘിപ്പിച്ചു. ഉത്തരവിന് മുൻപ് 6.30ന് മുൻപുള്ള സമയക്രമം പാലിച്ചിരുന്ന ടൂറിസം കേന്ദ്രങ്ങൾ അതേ സമയക്രമം പാലിക്കണം. 'എൻ ഊര്" ടൂറിസം കേന്ദ്രത്തിന് ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ട് ഇല്ലാത്ത ദിവസങ്ങളിൽ നിലവിലെ സമയക്രമം പാലിച്ച് പ്രവർത്തിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.