പുന:പ്രവേശനോത്സവം മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ ജി.എൽ.പി.എസ്, വെള്ളാർമല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികൾക്ക് മേപ്പാടിയിൽ പഠന സൗകര്യങ്ങൾ ഒരുങ്ങി. വെള്ളാർമല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എൽ.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുക. ഈ വിദ്യാലയങ്ങളിലേക്കുള്ള പുന:പ്രവേശനോത്സവം നാളെ രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ പട്ടികജാതി- വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളു അദ്ധ്യക്ഷത വഹിക്കും. ഉരുൾപൊട്ടലിൽ നഷ്ടമായ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. റവന്യു മന്ത്രി കെ.രാജൻ പാഠപുസ്തകങ്ങളുടെ വിതരണവും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പഠനോപകരണ വിതരണവും വനംമന്ത്രി എ.കെ. ശശീന്ദ്രൻ യൂണിഫോം വിതരണവും നിർവഹിക്കും. ഐ.ടി ഉപകരണങ്ങൾ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും സ്‌കൂൾ ഗ്രാന്റ് വിതരണം ടി.സിദ്ദിഖ് എം.എൽ.എയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ യാത്രാപാസ് വിതരണം ചെയ്യും. നഴ്സറി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിതരണം ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബിന്ദു, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, മേപ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി തുടങ്ങിയവർ പങ്കെടുക്കും.