chena
ചേന

സുൽത്താൻ ബത്തേരി: ചേന അത്ര നിസാരക്കാരനല്ല. വിറ്റാമിനുകളുടെ കലവറയാണ്. ഓണക്കാലവും വിവാഹ സീസണും വന്ന തോടെ വയനാടൻ ചേനയ്ക്ക് ആവശ്യക്കാരേറി. സദ്യവട്ടങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത കിഴങ്ങ് വർഗമാണ് ചേന. ചിങ്ങം പിറന്നതോടെ കല്യാണ സീസണുമായി . ചേനയ്ക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും ലഭ്യത കുറഞ്ഞു. കാട്ടുപന്നികളുടെ ശല്യം കാരണം വയനാട്ടിൽ കിഴങ്ങ് വിളകൾ ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇതോടെയാണ് ചേന ഉൾപ്പെടെയുള്ള കിഴങ്ങ് വിളകൾക്ക് ഡിമാന്റ് ഏറിയത്. ചേനയിൽ നാരുകൾക്ക് പുറമെ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സെലിനിയം സിങ്ക് ,കോപ്പർ , ഇരുമ്പ്, ഫോസ്ഫറസ് , വിറ്റാമിൻ എ,​ ബി പ്രോട്ടീൻ തുടങ്ങിയവയെല്ലാം ചേനയിലുണ്ട് . ഒരു വിധം രോഗമുള്ളവർക്കെല്ലാം കഴിക്കാൻ പറ്റുന്നതുമാണ് ചേന .

കിഴങ്ങ് വിളകളിൽ കുറേ വർഷങ്ങളായി ചേനയുടെ വില താഴ്ന്ന നിലയിലായിരുന്നു . ഇത്തവണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ഘട്ടത്തിൽ ക്വിന്റലിന് 1000 രൂപയിൽ താഴെ മാത്രം വില ലഭിച്ചിരുന്നത് ഇപ്പോൾ 3500 മുതൽ 4000 രൂപയായി.

തുടർച്ചയായ വിലയിടിവും കാട്ടുപന്നിയുടെ ശല്യവുമായിരുന്നു കർഷകർ കൂട്ടത്തോടെ കൃഷി ഒഴിവാക്കിയതിന് പിന്നിൽ. വിലയിൽ കാര്യമായ വർദ്ധന ഉണ്ടായെങ്കിലും ആവശ്യത്തിന് ചേനയില്ലാത്തതിനാൽ കർഷകർക്ക് കാര്യമായി ഗുണം കിട്ടില്ല. ഇപ്പോഴത്തെ വില വർദ്ധന അടുത്ത തവണയും ലഭിക്കുമെന്ന പ്രതീക്ഷയിൽ ചേന വിത്ത് ചോദിച്ചെത്തുന്നവർ ഏറെയാണ്. പണ്ടുകാലങ്ങളിൽ വയനാട്ടിൽ വൻതോതിൽ കൃഷി ചെയ്തുകൊണ്ടിരുന്ന ചേന ഇപ്പോൾ പേരിനു മാത്രമായി ചുരുങ്ങിയതും വിലവർദ്ധനവിന് കാരണമായി.