
കായംകുളം : കായംകുളത്തെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഫ്ളൈ ഓവർ പദ്ധതി നടപ്പാകാതെ പോയത് തിരിച്ചടിയായി. ജി.സുധാകരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ 2018 ൽ ആവിഷ്കരിച്ച പദ്ധതി നേടിയെടുക്കാൻ പിന്നീട് ആരും മിനക്കെട്ടില്ല.
കായംകുളം മെയിൻ റോഡ്, ബാങ്ക് റോഡ്, ടി.ബി റോഡ്, കോടതി റോഡ്, മാർക്കറ്റ് റോഡ്, കെ.പി റോഡ് എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് നഗരത്തിൽ ഫ്ളൈ ഓവർ വേണമെന്ന ആവശ്യം ഉയർന്നത്. കെ.പി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കായംകുളം നഗരത്തിന്റെ തിരക്കിൽപ്പെടാതെ ദേശീയപാതയുമായി ബന്ധപ്പെടാൻ ഫ്ളൈ ഓവർ നിർമ്മിച്ചാൽ നഗരത്തിലെ കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു നിർദ്ദേശം.
നിലവിലുള്ള റോഡുകൾ വീതി കൂട്ടി വൺവേ സംവിധാനം ഏർപ്പെടുത്തുന്നതുകൊണ്ടുമാത്രം ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാണ കഴിയില്ലന്നും മനസിലാക്കിയിരുന്നു. ഫ്ലൈ ഓവർ നിർമ്മിക്കുന്നതു സംബന്ധിച്ച് വിശദമായ പരിശോധകളാണ് നടത്തിയത്. ദേശീയപാത മുതൽ പൊലീസ് സ്റ്റേഷൻ വരെ മണ്ണുപരിശോധനകളും പൂർത്തിയാക്കിയിരുന്നു. എത്ര മീറ്റർ താഴ്ച്ചയിൽ പൈലിംഗ് നടത്തണം ,ഓരോ പദ്ധതിക്കും വേണ്ട തുക എന്നിവ സംബന്ധിച്ചും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കായംകുളം പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയുടെ ഫയൽ അനങ്ങിയിട്ടില്ല.
സാദ്ധ്യതാപഠനം നടത്തി
 2018 ൽ തന്നെ പൊതുമരാമത്ത് വകുപ്പ് സാദ്ധ്യതാ പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു
 ചീഫ് എൻജിനീയർ ആയിരുന്ന പെണ്ണമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്
 ദേശീയപാതയിൽ നിന്ന് പൊലീസ് സ്റ്റേഷൻ വരെ ഫ്ലൈ ഓവർ നിർമ്മിക്കണോയെന്നതും നിലവിലുള്ള റോഡുകൾ വീതി കൂട്ടുന്നതും സംബന്ധിച്ചാണ്പഠനം നടത്തിയത്
 ദേശീയപാത,കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആശുപത്രികൾ ,വിദ്യാലയങ്ങൾ തുടങ്ങിയയിടങ്ങളിലേക്കുള്ള യാത്രാദുരിതം അകറ്റാനാണ് ലക്ഷ്യമിട്ടത്
കായംകുളത്തിന്റെ പ്രശ്നങ്ങൾ ബോദ്ധ്യപ്പെടുത്തുവാനും പദ്ധതികൾ നടപ്പാക്കാനും
ആരുമില്ലാത്ത അവസ്ഥയാണ്
- ബി.രാധാകൃഷ്ണൻ,കായംകുളം