ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ പിടിപ്പുകേടിൽ വലഞ്ഞ് നെഹ്രുട്രോഫി വാർഡിലെ വിദ്യാർത്ഥികൾ. ആലപ്പുഴയിലേക്കുള്ള ആദ്യ ബോട്ട് സർവീസ് രാവിലെ 6.30നാണ്. അതുകഴിഞ്ഞാൽ 9നും. ഇതിനിടയിൽ ഇതുവഴി സർവീസുകളില്ലാത്തതാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ വലയ്ക്കുന്ന പ്രശ്‌നം.
നെഹ്രുട്രോഫി വള്ളംകളിയുടെ പേരിൽ സർവീസുകൾ മുടക്കുന്നതും വിദ്യാർത്ഥികൾക്ക് വിനയാകുന്നുണ്ട്. സോമൻ ജെട്ടിമുതൽ അഴിക്കൽ ജെട്ടിവരെയുള്ള യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിദ്യാർത്ഥികൾ ജലഗതാഗവകുപ്പിന് നൽകിയ പരാതിക്ക് പരിഹാരമില്ലാതായതോടെ കൃത്യസമയത്ത് സ്‌കൂളിലെത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്.
ഉത്തരവ് വെള്ളത്തിലെ വര പോലെ
വിദ്യാത്ഥികളുടെ പരാതിയെത്തുടർന്ന് രാവിലെ 7.15ന് ആലപ്പുഴ-നെടുമുടി കൊട്ടാരം, 8.20ന് ആലപ്പുഴ-കൈനകരി, വൈകിട്ട് 3ന് ആലപ്പുഴ-ചങ്ങനാശ്ശേരി, 3.45ന് ആലപ്പുഴ-കൈനകരി, 5ന് ആലപ്പുഴ-കൃഷ്ണപുരം സർവീസുകൾ ആരംഭിക്കാൻ ജലഗതാഗത വകുപ്പ് ഉത്തരവിട്ടെങ്കിലും ഇതുവരെ നടപ്പായില്ല. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
ബോട്ട് സർവീസ് മുടങ്ങുന്നത് വലിയദുരിതമാണ്. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ആശ്വാസം പകരുന്ന തരത്തിൽ സർവീസുകൾ പുന:ക്രമീകരിക്കണം. രാത്രിയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണം
-അജയഘോഷ്, പ്രദേശവാസി