
കുട്ടനാട്: ചമ്പക്കുളം പഞ്ചായത്ത് അങ്കണവാടി വർക്കർ നിയമനത്തിലെ തിരിമറി പുറത്തായതോടെ വിവാദം കത്തുന്നു. 10വർഷത്തോളം വർക്കറായി സേവന പരിചയമുള്ള ആൾക്ക് റാങ്ക് ലിസ്റ്റിൽ 16ാം സ്ഥാനവും പ്രീ പ്രൈമറിയോ, നഴ്സറി ടീച്ചർ ട്രയിനിംഗ് സർട്ടിഫിക്കറ്റോ, പ്രവർത്തി പരിചയമോയില്ലാത്തവർ ആദ്യ റാങ്കുകളിൽ ഇടംനേടിയതിന് പിന്നാലെ, അഭിമുഖത്തിലെ അഞ്ചും ആറും റാങ്കുകാരെ തഴഞ്ഞ് ഏഴാം റാങ്കുകാരിക്ക് നിയമനം നൽകിയതോടെ ഇന്റർവ്യൂ ബോർഡിന്റെ കള്ളക്കളിയും പുറത്തായി.
റാങ്ക് ലിസ്റ്റിലെ ആറാം പേരുകാരിയായ പുന്നക്കുന്നം ലക്ഷംവീട്ടിൽ പി.അരുണിമയെ
ഉൾപ്പടെ തഴഞ്ഞ്, ഏഴാം പേരുകാരിയായ ചമ്പക്കുളം അമിച്ചകരി ആശാവിജയനെ നിയമിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.
വിവിധ കാലങ്ങളിലായി 10വർഷത്തിലേറെ പ്രവർത്തി പരിചയവും മറ്റ് യോഗ്യതകളുമുള്ള ചമ്പക്കുളം അമിച്ചകരി ആർ. ഉഷയ്‌ക്ക് 16ാം റാങ്ക് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിന് പിന്നിലും ഇന്റർവ്യു ബോർഡിന്റെ ഇടപെടലാണെന്ന് ആക്ഷേപമുണ്ട്. 36 അംഗ ലിസ്റ്റിൽ നിന്ന് വിവിധ അങ്കണവാടികളിലേക്കായി 5 പേരെ ഇതുവരെ നിയമിച്ചതായിട്ടാണ് വിവരം.
നിയമനത്തിലെ അട്ടിമറിക്ക് പുറമെ, ശിശുവികസനം സംബന്ധിച്ച് അവഗാഹമുള്ള
മൂന്ന് വനിതകളുൾപ്പെടെ അഞ്ച് സാമൂഹ്യപ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന ശിശുവികസന സമിതിയുടെ നിർദ്ദേശം പാടെ തള്ളി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വരെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.