gh

ആലപ്പുഴ: വമ്പൻ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് അറ്റകുറ്റപ്പണി പോലും ഉപേക്ഷിച്ച

ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയെ ഇനി ആര് രക്ഷിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മൊബിലിറ്റി ഹബിനായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതാണ് കാരണം. പുതിയ രൂപരേഖ ജില്ലാടൗൺ പ്ലാനിംഗ് ഓഫീസിൽ സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും

അനുമതിക്കുള്ള ഫീസടയ്ക്കാൻ നിർമ്മാണ ഏജൻസിയായ ഇൻകെൽ തയാറായിട്ടില്ല. കെ.എസ്.ആർ.ടി.സി, ജലഗതാഗത വകുപ്പ്, റെയിൽവേ തുടങ്ങിയ പ്രധാന ഗതാഗത മാർഗങ്ങളെയും കോർത്തിണക്കിയുള്ള പദ്ധതിയിൽ നിന്ന് ഗതാഗത വകുപ്പ് പിന്മാറുമോ എന്ന ആശങ്കയും ഇൻകെല്ലിനുണ്ട്. ഗതാഗതവകുപ്പ് സെക്രട്ടറിക്ക് പലതവണ കത്തയച്ചിട്ടും ഇൻകെലിനും കിഫ്ബിക്കും ഒപ്പം ചേർന്നുള്ള ത്രികക്ഷി കരാർ ഒപ്പുവയ്ക്കാൻ അവർ ഇനിയും തയ്യാറായിട്ടില്ല. ലേ ഔട്ട് അപ്രൂവൽ ഫീസിനത്തിൽ ചതുരശ്ര മീറ്ററിന് മൂന്ന് രൂപ നിരക്കിലാണ് ടൗൺ പ്ലാനിംഗ് ഓഫീസിൽ ഫീസടയ്ക്കേണ്ടത്. ഇതിനായി അരലക്ഷത്തോളം രൂപ വേണ്ടിവരും. പദ്ധതി സംബന്ധിച്ച് മന്ത്രിതല തീരുമാനമുണ്ടാകുമെന്ന് പ്രഖ്യാപനങ്ങൾ വന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ഗതാഗതം, ധനം, റവന്യു വകുപ്പുകൾ ചേർന്ന സംയുക്ത യോഗമാണ് ചേരേണ്ടത്.

ഒന്നുമറിയാതെ കെ.എസ്.ആർ.ടി.സി

1. ആലപ്പുഴ ഡ‌ിപ്പോ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന മൊബിലിറ്റി ഹബിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കെ.എസ്.ആർ.ടി.സിക്ക് യാതൊരു ധാരണയുമില്ല

2. വർക്ക്ഷോപ്പും ഗ്യാരേജും വളവനാട്ടേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ആലപ്പുഴയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്

3. വളവനാട്ട് ഗ്യാരേജിനായി വിട്ടുനൽകിയ ആറേക്കർ സ്ഥലം തിരികെ വേണമെന്നാവശ്യപ്പെട്ട് ഹൗസിംഗ് ബോർഡ് നിലപാടെടുത്തത് പദ്ധതിക്ക് തിരിച്ചടിയാണ്

4. പദ്ധതി അനന്തമായി നീളുമ്പോൾ, 7കോടിയോളം രൂപ മുടക്കിയുള്ള പ്രവൃത്തികൾ വളവനാട്ട് നടത്തിക്കഴിഞ്ഞു. താത്‌കാലികകെട്ടിട നിർമ്മാണവും അഗ്നിശമനസംവിധാനങ്ങൾ ഘടിപ്പിക്കലുമാണ് ശേഷിക്കുന്നത്

മൊബിലിറ്റ് ഹബ് പദ്ധതിത്തുക

493.06 കോടി

മൊബിലിറ്റി ഹബ് പദ്ധതി സംബന്ധിച്ച് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. വളവനാട് ഗ്യാരേജ് നിർമ്മാണം ഏറെക്കുറെ പൂ‌ത്തിയായെങ്കിലും അവിടേയ്ക്ക് മാറാനുള്ള നടപടികളൊന്നുമായിട്ടില്ല

- എ.അജിത്ത്, എ.ടി.ഒ, കെ.എസ്.ആർ.ടി.സി