ആലപ്പുഴ : മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവരശേഖരണം ലക്ഷ്യമാക്കിയുള്ള ദേശീയ കന്നുകാലി സെൻസസ് ജില്ലയിൽ 10ന് മുമ്പ് ആരംഭിക്കും. ഡിസംബർ 31ന് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർവറിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള
കാലതാമസം കാരണമാണ് സെപ്തംബർ രണ്ടിന് ആരംഭിക്കാനിരുന്ന സെൻസ് സംസ്ഥാനത്ത് വൈകുന്നത്.
ജില്ലയിലെ 71പഞ്ചായത്തുകളിലെയും 6 നഗരസഭകളിലെയും വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചാണ് കണക്കെടുക്കുന്നത്. നാട്ടാന ഉൾപ്പെടെ വളർത്തു മൃഗങ്ങൾ, കോഴി, പക്ഷികൾ, തെരുവ് നായ്ക്കൾ ഉൾപ്പെടെ 16 വർഗങ്ങളിൽപ്പെട്ടവയുടെ എണ്ണം, പ്രായം, ലിംഗം തുടങ്ങിയ വിവരങ്ങളാണ് സെൻസസ് പ്രകാരം ശേഖരിക്കുന്നത്. വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ മൊബൈൽ ആപ്പിലൂടെ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തും. ഒരു മൃഗത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്താൻ 20 മിനിട്ട് വേണ്ടിവരും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും.
പദ്ധതി ആസൂത്രണത്തിന് സഹായകമാകും
1.സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ സഹായിക്കും വിധമാണ് വിവരശേഖരണം
2.ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, പ്ലാനിംഗ് ബോർഡ് എന്നിയുമായി സഹകരിച്ചുള്ള കണക്കെടുപ്പിൽ അറവുശാലകൾ, മാംസ സംസ്‌കരണ പ്ലാന്റുകൾ തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിക്കും
കന്നുകാലി കണക്കെടുപ്പ്
ലോകത്ത്: 10 വർഷത്തിലൊരിക്കൽ
ഇന്ത്യയിൽ : 5 വർഷത്തിലൊരിക്കൽ
2019ലെ കണക്ക് പ്രകാരം ജില്ലയിൽ
ആകെ: 19,38,938
പോത്ത്: 5726
പശു : 59,370
ആട്: 55,109
നായ്ക്കൾ : 65,197
പക്ഷികൾ : 9,63,459
താറാവ്: 7,73,127
എന്യൂമറേറ്റർമാർ : 144
സൂപ്പർവൈസർമാർ : 89