
അമ്പലപ്പുഴ : നാല് കുടുംബങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ നിലംപൊത്താറായ മതിൽ അപകടഭീഷണിയാകുന്നു.
അമ്പലപ്പുഴ ജംഗ്ഷന് തെക്ക് ഭാഗത്ത് ദേശീയ പാതയുടെ കിഴക്കുള്ള സൂപ്പർ മാർക്കറ്റിന്റെ മതിലാണ് തകർച്ചാ ഭീഷണിയിലുള്ളത്. ഈ പ്രദേശത്തെ നാല് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാനുള്ള ഏക വഴിയാണിത്.
ജീവൻ പണയം വെച്ചാണ് ഇവർ ഇതുവഴി സഞ്ചരിക്കുന്നത്. സ്ഥാപനത്തിലെ സെപ്റ്റിക് ടാങ്കിലെ ഉൾപ്പെടെയുള്ള മലിന ജലം ഈ വഴിയിലേക്ക് ഒഴുക്കുന്നതായും പരാതിയുണ്ട്. ഒരു മീറ്റർ പോലും വീതിയില്ലാത്ത ഈ വഴിയിലൂടെ മഴ സമയത്ത് കുട പിടിച്ചു നടക്കാൻ കഴിയില്ല. ഈ മതിലിന് എതിർവശത്തുള്ള മതിലും തകർച്ചാഭീഷണിയിലാണ്. തങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പല തവണ ജന പ്രതിനിധികൾക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഇവരുടെ പരാതി.
സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും പ്രായമായവരും സഞ്ചരിക്കുന്ന നടവഴിയിലെ മതിൽ ഏതു സമയവും തകരാവുന്ന അവസ്ഥയിലാണ്. അധികൃതർ എത്രയും പെട്ടെന്ന് നടപടി എടുക്കണം
- അജയൻ സമീപവാസി