തുറവൂർ: തുറവൂരിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. എസ്.എൻ.ഡി.പി യോഗം 537 -ാം നമ്പർ വളമംഗലം ശാഖയുടെ കീഴിലുള്ള കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതാണ് അവസാന സംഭവം. ഇന്നലെ പുലർച്ചേ അഞ്ചരയ്ക്ക് പൂജയ്ക്ക് ക്ഷേത്രത്തിന്റെ പ്രധാനവാതിൽ തുറന്ന് ശ്രീകോവിലിന് മുന്നിലെത്തിയ മേൽശാന്തിയാണ് മോഷണം നടന്നതായി ആദ്യം കണ്ടത്. ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചിയിലെ പണവുമായാണ് മോഷ്ടാവ് കടന്നത്. ശ്രീകോവിലിനു സമീപത്തെ സ്റ്റോർ മുറിയിലെ അലമാര കുത്തിത്തുറന്ന നിലയിലാണ് ക്ഷേത്ര ഭാരവാഹികൾ കുത്തിയതോട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 28 ന് രാവിലെ ചികിത്സാ സഹായം ചോദിച്ചെത്തിയ അപരിചിതൻ വളമംഗലം ചോനങ്ങിൽ പടിഞ്ഞാറെ തറയിൽ ടി.കെ. വിജയന്റെ വീട്ടിലെത്തി ഭാര്യ വിജയമ്മ മേശപ്പുറത്ത് ഊരിവച്ചിരുന്ന 3.5 പവന്റെ സ്വർണമാലയുമായി കടന്നിരുന്നു. തൊട്ടടുത്ത ദിവസം തുറവൂർ ചിങ്ങം വെളി, പുത്തൻചന്ത പ്രദേശങ്ങളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ മാസം 6 ന് രാവിലെ തുറവൂർ താലൂക്കാശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ വൃദ്ധയുടെ അഞ്ചര പവന്റെ മാല 2 സ്ത്രീകൾ ഫാർമസിക്കുമുന്നിൽ വച്ച് പൊട്ടിച്ചെടുത്തു കടന്നിരുന്നു. മോഷണ സംഭവം നടക്കുമ്പോൾ പതിവ് പരിശോധന നടത്തുന്നതല്ലാതെ പ്രതികളെ ആരേയും ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.