vxc

ആലപ്പുഴ : കേരളത്തിൽ ഏറ്റവും 'പവറുള്ള"ഡോക്ടർമാരായി ഇനി കരുൺ ബാലകൃഷ്ണനും എ.ആർ.നിഷയും. പവർലിഫ്റ്റിംഗ് അസോസിയേഷൻ കേരള സോണും ഇന്ത്യൻ പവർലിറ്റിംഗ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചേർത്തല ഘടകം രാജ്യത്ത് ആദ്യമായി ഡോക്ടർമാർക്കായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലാണ് ഇവ‌ർ ജേതാക്കളായത്. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ 43 ഡോക്ടർമാരാണ് മത്സരത്തിൽ പങ്കെടുത്തത്.

കോട്ടയം മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിലെ ജൂനിയർ ഓർത്തോപീഡിക്സ് ഡോക്ടറായിരുന്നു ഡോ.കരുൺ ബാലകൃഷ്ണൻ. കരുനാഗപ്പള്ളി എ.എം ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ് ഡോ.എ.ആർ.നിഷ. സ്ക്വാട്ട്, ബെഞ്ച് പ്രെസ്, ഡെഡ് ലിഫ്ട്, പുഷ് അപ്പ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിരുന്നു മത്സരം. പങ്കെടുത്ത ഏഴ് വനിതകളിൽ രണ്ട് പേർ 50വയസ് പിന്നിട്ടവരാണ്. എറണാകുളം ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസർ ഡോ.സി.കെ.ഇന്ദിര (59) യാണ് സീനിയർ. പുരുഷന്മാരിൽ അമ്പത് പിന്നിട്ട നാല് പേർ മത്സരംഗത്തുണ്ടായിരുന്നു. ഇന്ത്യൻ സീനിയർ ഫുട്ബാൾ നാഷണൽ ടീമിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ക്ലബുകളുടെയും ഔദ്യോഗിക ഡോക്ടറായിരുന്ന ഡോ.ദീപക് ബാബു ഉൾപ്പടെയുള്ളവർ മത്സരാർത്ഥികളായി.

ലക്ഷ്യം ആരോഗ്യസംരക്ഷണം

പ്രായം കൂടുംതോറും മസിലുകളുടെ ശക്തി കുറഞ്ഞുവരും. കൂടുതൽ വെയിറ്റെടുത്ത് വേണം ശക്തി വീണ്ടെടുക്കാൻ. അമിത ജോലിഭാരവും സമ്മർദ്ദവും നേരിടുന്ന ജോലിയുടെ ഇടവേളകളിൽ കായിക രംഗത്ത് ഡോക്ടർമാർ കൂടുതൽ സമയം കണ്ടെത്തണമെന്ന സന്ദേശമാണ് മത്സരം പങ്കുവയ്ക്കുന്നത്. വിവിധ ഫിറ്റ്നെസ് സെന്ററുകളിൽ പരിശീലനം നടത്തുന്നവരാണ് മത്സരത്തിനെത്തിയത്.

ഇന്ത്യയിൽ ആദ്യമായാണ് ഡോക്ടർമാർക്ക് വേണ്ടി പവർ ലിഫ്റ്റിംഗ് മത്സരം നടക്കുന്നത്. കൂടുതൽ ഡോക്ടർമാരെ കായിക രംഗത്തേക്ക് നയിക്കാൻ മത്സരം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ

-ഡോ.അരുൺ ജി.നായർ, സെക്രട്ടറി, ഐ.എം.എ ചേർത്തല