
ചാരുംമൂട് : കൊല്ലം -തേനി ദേശീയപാതയിൽ താമരക്കുളം ഗുരുനാഥൻകുളങ്ങര ജംഗ്ഷനിലെ അപകട ഗർത്തത്തിൽ പ്രതിഷേധക്കാർ വാഴ നട്ടു പ്രതിഷേധിച്ചിട്ടും കുഴി അടയ്ക്കാൻ തയ്യാറാകാതെ അധികൃതർ. കഴിഞ്ഞ ജൂണിലാണ് ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടത്. ഗുരുനാഥൻകുളങ്ങര ജംഗ്ഷനിൽ 50 മീറ്റർ വ്യത്യാസത്തിലുള്ള രണ്ട് കലുങ്കുകൾക്ക് സമീപം റോഡിൽ കുഴികളുണ്ടാകുന്നത് പതിവായി മാറിയിട്ടുണ്ട്. ഇത്തവണ രൂപപ്പെട്ടത് ആഴമേറിയ കുഴിയാണ്. രാത്രികാലങ്ങളിൽ കുഴ്ര പെട്ടെന്ന് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല.
ആഴമുള്ള കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതുംപതിവാണ്. 50ഓളം വാഹനങ്ങൾ ഇതിനോടകം കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വാഴ വച്ചിട്ടും ഫലം കണ്ടില്ല
ജംഗ്ഷനിലെ കുഴികളിൽ വീണ് അപകടം തുടർക്കഥയാകുമ്പോൾ അധികൃതർ കുഴി മൂടാറുണ്ട്
എന്നാൽ ഏതാനും നാളുകൾക്കുള്ളിൽ കുഴികൾ വീണ്ടുംരൂപപ്പെടുമെന്ന് പ്രദേശവാസികൾ പറയുന്നു
എന്നാൽ, റോഡിന്റെ മദ്ധ്യഭാഗത്തോട് ചേർന്ന് കഴിഞ്ഞ ജൂണിൽ രൂപപ്പെട്ട വലിയ കുഴി ഇതുവരെ മൂടിയിട്ടില്ല
കഴിഞ്ഞ ജൂണിൽ നാട്ടുകാർ കുഴിയിൽ വാഴ നടുകയും അപകടസൂചനാ ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു
റോഡ് നന്നാക്കണമെന്ന ആവശ്യവുമായി നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ദേശീയപാത അതോറിട്ടി അടിയന്തരമായി കുഴികൾ അടച്ച് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം
- ആര്യ ആദർശ്, എട്ടാം വാർഡ് മെമ്പർ
കലുങ്കിന് സമീപമുള്ള റോഡിന്റെ ടാറിംഗിന് അടിയിലെ മണൽ ഇടിഞ്ഞു താഴ്ന്നതാണ് കുഴികൾ രൂപപ്പെടാൻ കാരണം. പാലം പുനർ നിർമ്മിക്കുകയാണ് ഇതിന് ശാശ്വത പരിഹാരം.
- സഞ്ജിത്ത് സേനൻ, പ്രദേശവാസി