ds

# തീയതി പ്രഖ്യാപിക്കും വരെ പിന്നോട്ടില്ലെന്ന് വള്ളംകളിപ്രേമികൾ

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം കാണാനുള്ള വള്ളംകളി പ്രേമികളുടെ പരിശ്രമം വിജയിത്തിലേക്ക്. നെഹ്റുട്രോഫിയെ തഴഞ്ഞ്, ബേപ്പൂർ ഫെസ്റ്റിന് രണ്ട് കോടി രൂപ അനുവദിച്ച ടൂറിസം മന്ത്രി,​ നെഹ്റുട്രോഫി ജലമേളയ്ക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. വള്ളംകളിയില്ലെന്ന പ്രചാരണം സ്വന്തം കണ്ണു കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം,​ കേവലം പ്രഖ്യാപനങ്ങൾ കേട്ട് കാത്തിരിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വള്ളംകളി സംരക്ഷണ സമിതി. വിവിധ ക്ലബ് ഭാരവാഹികൾ ഉൾപ്പടെയുള്ള ജലോത്സവ പ്രേമികൾ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസിനെ കണ്ട് നിവേദനം നൽകും. ജലോത്സവം റദ്ദാക്കി നാലാഴ്ചയാകുമ്പോഴും സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയാത്ത ബോട്ട് റേസ് കമ്മിറ്റി ഭാരവാഹികൾക്കും ജില്ലയിലെ ജനപ്രതിനിധികൾക്കുമെതിരെ വ്യാപക പ്രതിഷേധമുണ്ട്.

മത്സരം മാസാവസാനമെന്ന് ആവശ്യം

1.ഓണത്തിന് ശേഷം ഈ മാസത്തെ അവസാന ആഴ്ചയിൽ തന്നെ മത്സരം നടത്തണമെന്നാണ് കളിക്കാരും ക്ലബ് ഭാരവാഹികളും ജലോത്സപ്രേമികളും ഒരുപോലെ ആവശ്യപ്പെടുന്നത്. ഓണത്തോട് അനുബന്ധിച്ച് പ്രാദേശികമായി നിരവധി ജലമേളകൾ നടക്കുന്നതിനാലാണിത്

2. നേരത്തെ തീയതി പ്രഖ്യാപിച്ചാൽ പരിശീലനം പുനരാംഭിക്കുന്നതടക്കമുള്ള വെല്ലുവിളികളുണ്ട്. ചുരുങ്ങിയത് രണ്ടാഴ്ചത്തെ ട്രയൽ ആവശ്യമുണ്ട്. ടീമുകളെല്ലാം പിരിച്ചുവിട്ടതിനാൽ പുറത്ത് നിന്നുള്ള തുഴച്ചിലുകാരെ വേഗത്തിൽ തിരിച്ചെത്തിക്കുന്നതും വെല്ലുവിളിയാണ്

3.നെഹ്റുട്രോഫി കാണാൻ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളിൽ വലിയൊരു വിഭാഗവും നിരാശരായി തിരിച്ചു പോയി. അന്യ ജില്ലകളിൽ നിന്നുൾപ്പടെ പുതിയ തീയതിക്ക് വരാൻ കാത്തുനിൽക്കുന്ന നൂറുകണക്കിന് വള്ളംകളി ആരാധകരുണ്ട്


ജനകീയ കൂട്ടായ്മ

നെഹ്രുട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിക്കണമെന്നും സർക്കാർ സഹായ ധനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നേതൃത്വത്തിൽ

ബുധനാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

നെഹ്റുട്രോഫി നടത്തൂ, വള്ളംകളിയെ സംരക്ഷിക്കൂ, ടൂറിസത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് നീതിക്ക് വേണ്ടി പോരാടുന്നത്

- വള്ളംകളി സംരക്ഷണ സമിതി