
കുട്ടനാട്: പൂർവ്വ വിദ്യാർത്ഥി സംഗമം ഹൗസ് ബോട്ടിൽ ആഘോഷിക്കാനെത്തിയ 16 അംഗ സംഘത്തിലെ യുവാവ് കാൽവഴുതി കായലിൽ വീണ് മരിച്ചു. ആലപ്പുഴ കിടങ്ങാം പറമ്പ് ഗീതാ നിവാസിൽ സന്തോഷ് (49) ആണ് മരിച്ചത്. കൈനകരി ചാവറ ജെട്ടിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ആലപ്പുഴ എസ്.ഡി.വി ഹൈസ്ക്കൂൾ 91-92 ബാച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഹൗസ് ബോട്ടിൽ ഒരുമിച്ചുകൂടിയത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഹൗസ് ബോട്ടിനുള്ളിലെ മുറിയിലേക്ക് പോകുന്നതിനിടെ ഓളത്തിൽ ബോട്ട് ഉലഞ്ഞ്
സന്തോഷ് അടിതെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ വൈകുന്നേരം 4.30ഓടെ ചാവറ ജെട്ടിക്ക് സമീപത്ത് നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മാരിയമ്മാൾ.