ആലപ്പുഴ : നഗരത്തിലെ കനാൽ സൗന്ദര്യവത്കരണം അതിവേഗ പുരോഗതിയിൽ.
കണ്ണൻവർക്കി പാലത്തിന് സമീപം നഗരസഭയും കയർഫെഡും കയർ കോർപ്പറേഷനും ഏറ്റെടുത്ത് നടത്തുന്ന നവീകരണം 80 ശതമാനത്തോളം പൂർത്തിയായി. വർഷങ്ങളായി കാടുമൂടിക്കിടന്ന വള്ളംകളിയുടെ മാതൃകയിലുള്ള ചുവർശിൽപ്പവും പരിസരവുമാണ് നഗരസഭ വൃത്തിയാക്കി പെയിന്റ് ചെയ്ത് മോടിവരുത്തിയത്. പുൽത്തകിടിയും ലൈറ്റും പിടിപ്പിച്ച് കായൽകര പാർക്കായി മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം. ആലപ്പുഴ പൈതൃക പദ്ധതിക്കും വിനോദസഞ്ചാര സാദ്ധ്യതകൾക്കും പുതുജീവൻ നൽകാനായി ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാണ് സൗന്ദര്യവത്കരണ പദ്ധതി പുരോഗമിക്കുന്നത്.
നീക്കിയത് 200ലോഡ് മാലിന്യം
1. നഗരത്തിലെ വാടക്കനാലിന്റെയും കമേഷ്യൽ കനാലിന്റയും തീരങ്ങളാണ് സൗന്ദര്യവത്കരിച്ച് വികസിപ്പിക്കുന്നത്. മട്ടാഞ്ചേരിപാലം മുതൽ പുന്നമടവരെയുള്ള 11 കിലോമീറ്റർ കനാലോരമാണ് ഇതിൽപ്പെടുക
2. പങ്കാളിത്ത വിനോദസഞ്ചാര മാതൃതയിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ സ്ഥലം ഏറ്റെടുത്ത് വൃത്തിയാക്കി നവീകരിച്ച് പരിപാലിക്കുന്നതാണ് പദ്ധതി
3. കനാൽ തീരങ്ങൾ വൃത്തിയാക്കി, നവീകരിച്ച്, പരിപാലിക്കുന്ന ക്ലീൻ ആലപ്പുഴ,
മുസിരിസ് പദ്ധതികൾ ചേർന്നതാണ് സൗന്ദര്യവത്കരണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കഴിഞ്ഞ ദിവസം പദ്ധതി പുരോഗതി വിലയിരുത്തി
4. മാലിന്യം നീക്കവും പാഴ്മരങ്ങൽ മുറിച്ചുമാറ്റൽ ഉൾപ്പടെയുള്ള ജോലികളും നടന്നുവരുന്നു. ഇരുന്നൂറോളം ലോഡ് മാലിന്യം ഇതിനകം നീക്കിയിട്ടുണ്ട്.
മുസിരിസ് സ്ഥാപനങ്ങളുമായി അഞ്ച് വർഷത്തെ കരാറാണ് വച്ചിട്ടുള്ളത്.
പദ്ധതി ഏറ്റെടുക്കാൻ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂടുതലായി രംഗത്ത് വരുന്നുണ്ട്
- അലക്സ് വർഗീസ്, ജില്ലാ കളക്ടർ