ആലപ്പുഴ: ''നെഹ്റുട്രോഫി ജലമേള ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞ വികാരമാണ് സാർ. ജലമേളയ്ക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. ഞങ്ങളുടെ പ്രതീക്ഷ കൈവിടരുത് ...'' ജില്ലാ കളക്ടറോട് വാക്കുകൾ പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് ജലോത്സവ പ്രേമിയായ മോൻസ് കരിയമ്പള്ളി വിതുമ്പി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജലമേള മാറ്റിവച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും ജനപ്രതിനിധികൾ പോലും ചെറുവിരലനക്കാതിരുന്നപ്പോഴാണ് സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട വള്ളംകളി സംരക്ഷണ സമിതി എന്ന കൂട്ടായ്മയ്ക്ക് സർക്കാർ തലത്തിൽ വരെ സമ്മർദ്ദം ചെലുത്താൻ സാധിച്ചത്.

സമിതിയെ പ്രതിനിധീകരിച്ച് ഇരുപത്തഞ്ചോളം വള്ളംകളിപ്രേമികൾ ഇന്നലെ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസിന് നെഹ്റുട്രോഫി ജലമേളയുടെ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. കളിക്കാർ, ക്ലബ്ബുകാർ, വള്ളം സമിതിക്കാ‌ർ തുടങ്ങിയവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ഇവർ കളക്ടറോട് വിശദീകരിച്ചു.

എൻ.ടി.ബി.ആർ സൊസൈറ്റിയുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ജില്ലാ കളക്ടർ അടിയന്തരമായി തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സമിതിക്കുള്ളത്. ജലമേള സംഘടിപ്പിക്കുന്നതിന് ചുരുങ്ങിയത് രണ്ടാഴ്ചത്തെ മുന്നൊരുക്കം ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി. പന്തലിനും, പവലിയനുമടക്കം ചെലവ് ഇരട്ടിയാകും. ചെയർമാൻ എന്ന നിലയിൽ എൻ.ടി.ബി.ആർ യോഗത്തിൽ സമിതി അംഗങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി ചർച്ച ചെയ്യാമെന്ന് കളക്ടർ ഉറപ്പ് നൽകി.

തീയതി ഉടൻ പ്രഖ്യാപിക്കാൻ ശ്രമിക്കാമെന്ന് ജില്ലാ കളക്ടർ

1.വള്ളംകളിയുടെ തീയതി ഉടൻ പ്രഖ്യാപിക്കാൻ ശ്രമിക്കാമെന്ന് ജില്ലാ കളക്ടർവള്ളംകളി സംരക്ഷണ സമിതിയെ അറിയിച്ചു

2.ജലമേളയുടെ തീയതി പ്രഖ്യാപിക്കും വരെ സമരപരിപാടികൾ തുടരാനാണ് വള്ളംകളി സംരക്ഷണ സമിതിയുടെ തീരുമാനം

3.തീയതി പ്രഖ്യാപിച്ചില്ലെങ്കിൽ അഞ്ചാം തീയതി വൈകിട്ട് പുന്നമടയിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പ്രതിഷേധ ധർണയ്ക്ക് മാറ്റമില്ല

4.പ്രവാസികളടക്കമുള്ള തുഴച്ചിൽക്കാരെ മടക്കിക്കൊണ്ടുവരാൻ മുൻകൂട്ടി തീയതി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് ക്ലബ്ബുകൾ

5.ജോലിയടക്കം പല കാര്യങ്ങളും മാറ്റിവെച്ച് പരിശീലനത്തിനെത്തിയ തുഴച്ചിൽക്കാരും വലിയ സമ്മർദ്ദത്തിലാണ്

കളക്ടറോടുള്ള ആവശ്യങ്ങൾ

 നെഹ്റുട്രോഫി ജലമേള ഈ മാസം തന്നെ സംഘടിപ്പിക്കണം

 ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദ് ചെയ്ത് നടപടി പിൻവലിക്കുക

 ഗ്രാൻഡ് വർദ്ധിപ്പിക്കണം. 50ശതമാനം മുൻകൂറായി നൽകണം

വള്ളംകളി നടത്താത്തത് മൂലം ഭീമമായ നഷ്ടമാണ് നേരിടുന്നത്. ജില്ലാ കളക്ടർ യോഗം വിളിച്ചു ചേർത്ത് അടിയന്തരമായി തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ

- വള്ളംകളി സംരക്ഷണ സമിതി

ജലമേളയുടെ മുന്നൊരുക്കത്തിന് ചുരുങ്ങിയത് രണ്ടാഴ്ച്ച സമയം ആവശ്യമാണ്. എൻ.ടി.ബി.ആർ യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്യാം. തിയതി പ്രഖ്യാപിക്കാൻ ശ്രമിക്കാം

- അലക്സ് വർഗ്ഗീസ് , ജില്ലാകളക്ടർ

ക്ലബ്ബുകാർ ധാരാളം പണം മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. അധികം താമസിയാതെ ഉചിതമായ ഒരുദിവസം വള്ളംകളി നടത്തുന്നതിനെപ്പറ്റി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആലോചിച്ചു തീരുമാനമെടുക്കണം - മുൻമന്ത്രി ജി.സുധാകരൻ