ആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച എ.എസ്.ഐയുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ആലപ്പുഴ പ്രിൻസിപ്പൽ എം.എ.സി ട്രിബ്യുണൽ എസ്.സജികുമാറാണ് വിധിച്ചത്. ദേശീയപാത 47ൽ പട്ടണക്കാട് മിൽമ ഫാക്ടറിക്ക് മുന്നിൽ 2016 ഡിസംബറിലായിരുന്നു അപകടം. അരൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ചേർത്തല തെക്ക് വിജയ വിഹാറിൽ രാജീവ് കുമാറാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആലപ്പുഴയിലെ സ്വകാര്യ കയർ കയറ്റുമതി സ്ഥാപനത്തിലെ കണ്ടെയ്‌നർ ലോറിയാണ് രാജീവിന്റെ കാറിൽ ഇടിച്ചത്.മരിച്ച രാജീവിന്റെ ഭാര്യയായ പ്രീതകുമാരിക്കും രണ്ടു മക്കൾക്കുമാണ് നഷ്ടപരിഹാരം ലഭിക്കുക. 65,75,188 രൂപയാണ് നഷ്ടപരിഹാര തുക. പലിശയടക്കമാണ് ഒരു കോടി രൂപ നൽകേണ്ടത്. ലോറിയുടെ ഇൻഷ്വറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകരായ ജയിംസ് ചാക്കോ, ജോസ്.വൈ. ജയിംസ് എന്നിവർ കോടതിയിൽ ഹാജരായി.