
ചേർത്തല : നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട അമ്മയും കാമുകനും പൊലീസ് പിടിയിലായി. ചേർത്തല പള്ളിപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ മനോജ് (35), കാമുകൻ പല്ലുവേലി പണിക്കാശേരി റോഡിൽ രാജേഷാലയത്തിൽ രതീഷ് (38)എന്നിവരാണ് പിടിയിലായത്. ആശയുടെ അകന്ന ബന്ധുവാണ് രതീഷ്.
ആഗസ്റ്റ് 31ന് രതീഷാണ് കൊലപാതകം നടത്തിയത്. രതീഷിന്റെ വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്നലെ വൈകിട്ട് പൊലീസ് കണ്ടെടുത്തു. 26നാണ് ആശ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ ഭർത്താവ് മനോജിന്റെ പേരിൽ രതീഷാണ് ആശുപത്രിയിൽ സഹായിയായി നിന്നിരുന്നത്. 31ന് രാവിലെ 11ഓടെആശയെയും കുഞ്ഞിനെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
തുടർന്ന് ബിഗ്ഷോപ്പറിലാക്കി കുഞ്ഞിനെ രതിഷിന് കൈമാറിയതായി ആശ മൊഴി നൽകി. പള്ളിപ്പുറം ഒറ്റപ്പുന്ന കവലയിൽ പൂക്കട നടത്തുന്ന രതീഷ്, ഭാര്യ കടയിലേയ്ക്ക് പോയ ശേഷമാണ് കൊല നടത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. അതിനുശേഷം വീടിന് മുറ്റത്ത് കുഴിച്ചിട്ട മൃതദേഹം ഇന്നലെ വിവരം പുറത്തായതോടെയാണ് ശുചിമുറിയിലേക്ക് മാറ്റി കുഴിച്ചിട്ടത്. മൃതദേഹം പിന്നീട് കത്തിച്ചുകളയാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.
ആശയും രതീഷും വിവാഹിതരാണ്. ആശയ്ക്ക് രണ്ടുകുട്ടികളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാർ സ്വദേശിനിയായ ആശയെ വിവാഹം കഴിച്ച പല്ലുവേലി സ്വദേശിയായ മനോജ് ജോലിക്കായി കോട്ടയത്തായിരുന്നു തങ്ങിയിരുന്നത്. ഗർഭിണിയായത് മനോജും അറിഞ്ഞിരുന്നു. തന്റെ കുട്ടിയാണെന്നാണ് കരുതിയിരുന്നത്.
ഭർതൃവീട്ടിലായിരുന്ന ആശ ഗർഭിണിയാണെന്നറിഞ്ഞ എട്ടാംമാസം മുതൽ ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടെയും നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിൽ നിന്നും പ്രസവശേഷം വീട്ടിലെത്തിയ ആശയോട് ആശാപ്രവർത്തക കുട്ടിയെ കാണാൻ ആവശ്യപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ഇവർ ആശയക്കുഴപ്പമുണ്ടാക്കി. കുട്ടിയെ വളർത്താൻ വഴിയില്ലാത്തതിനാൽ കുട്ടികളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു ആദ്യംപറഞ്ഞത്. സംശയമുയർന്നതോടെ ആശാ പ്രവർത്തക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് വൈസ് പ്രസിഡന്റ് ഷിൽജാസലിം എന്നിവരെ അറിയിച്ച് അതുവഴി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചേർത്തല സി.ഐ ജി.അരുൺ,എസ്.ഐ. കെ.പി.അനിൽകുമാർ എന്നിവർ യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉടൻ തന്നെ രതീഷിനെയും പിടികൂടി.മൃതദേഹം കണ്ടെത്തിയ രതീഷിന്റെ വീടിന് പൊലീസ് കാവലേർപ്പെടുത്തി.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തും. പ്രതികളെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഇന്ന് ഹാജരാക്കും.