
ചേർത്തല : ആശാ പ്രവർത്തകയ്ക്ക് തോന്നിയ സംശയമാണ് പള്ളിപ്പുറത്ത് നാടിന് നടുക്കിയ നവജാത ശിശുവിന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡിൽ കായിപ്പുറം വീട്ടിൽ ആശ മനോജ് ഗർഭിണിയായതെന്ന് നാളുകൾക്കു മുമ്പ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17ാം വാർഡിലെ ആശാ വർക്കറായ ത്രിപുരേശ്വരി മനസിലാക്കിയിരുന്നു. തുടർന്ന് എട്ടാം മാസം വരെ പരിചരണത്തിനും എത്തി. പ്രസവത്തെ തുടർന്ന് കുട്ടിയെ കാണുന്നതിനും പരിചരണത്തിലുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ത്രിപുരേശ്വരി വീട്ടിലെത്തെയെങ്കിലും കുട്ടിയെ കാണിക്കാൻ
ആശ തയ്യാറായില്ല. ഇത് സംബന്ധിച്ച് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാതെ വന്നതോടെ ആശാ പ്രവർത്തകയ്ക്കും സംശയമായി. ഇവർ വിവരം പഞ്ചായത്ത് ഭരണാധികാരികളെ അറിയിച്ച തോടെയാണ് പൊലീസ് അന്വേഷണത്തിന് വഴി തെളിഞ്ഞത്. പൊലീസ് വീട്ടിലെത്തി വിശദമായി ചോദിച്ചെങ്കിലും ആദ്യം സത്യം തുറന്നു പറയാൻ ആശ തയ്യാറായില്ലെന്നാണ് വിവരം.
തുടർന്ന് കാമുകന്റെ വിവരം തുറന്ന് പറയുകയും കുട്ടി ഇവർക്ക് ഒപ്പം ഇല്ലെന്ന് വ്യക്തമാകുകയും ചെയ്തതോടെ ഒറ്റപ്പുന്ന കവലയിൽ പൂക്കട നടത്തുന്ന കാമുകൻ രതീഷിനെ പൊലീസ് തന്ത്രപൂർവം പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെ സത്യം തുറന്നു പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം കുട്ടിയെ ബിഗ് ഷോപ്പറിലാക്കി
രതീഷിന് കൈമാറി എന്നായിരുന്നു ആശയുടെ മൊഴി. രതീഷിനെ കൂടുതൽ ചോദ്യം ചെയ്തതോടെ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ ഒളിപ്പിച്ചിരുന്ന സുപ്രധാന വിവരം പൊലീസിന് ലഭിച്ചു. സ്റ്റേഷനിലെ നടപടികൾ പൂർത്തീകരിച്ച ശേഷം വൈകിട്ടോടെ ഇയാളെ വീട്ടിലെത്തിച്ച് ശുചിമുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവം അറിഞ്ഞ് പ്രദേശവാസികളും തടിച്ചുകൂടി. സമീപ പഞ്ചായത്തായ പാണാവള്ളിയിൽ ആഴ്ചകൾക്ക് മുമ്പ് സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഇതേ സംഭവം വീണ്ടും പള്ളിപ്പുറത്തും ഉണ്ടായതായി വാർത്ത പരന്നതോടെ നാട്ടുകാരും ആശങ്കയിലായി.