ph

കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ വിവാദങ്ങളും വീഴ്ചകളും ആവർത്തിക്കുമ്പോഴും ഇവ ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള ആശുപത്രി മാനേജിംഗ് കമ്മറ്റി വിളിച്ചു ചേർക്കുന്നതിൽ അധികൃതർക്ക് നിസ്സംഗത. ചികിത്സ തേടിയത്തിയ ഏഴു വയസുകാരന്റെ തുടയിൽ ഇഞ്ചജക്‌ഷൻ സൂചി തുളച്ചുകയറിയത്, രോഗി ഛർദ്ദിച്ചത് മകളെക്കൊണ്ട് വാരിച്ചത്, നിർദ്ധന രോഗിയോട് ഓപ്പറേഷന് ഡോക്ടർ പണം ആവശ്യപ്പെട്ടത്... തുടങ്ങി നിരവധി സംഭവങ്ങളാണ് ആശുപത്രിയിൽ അടുത്തിടെ ഉണ്ടായത്.

പനിക്ക് ചികിത്സതേടിയെത്തിൽ ഏഴു വയസുകാരന്റെ തുടയിൽ ഇഞ്ചജക്‌ഷൻ സൂചി തുളച്ചുകയറിയത് കഴിഞ്ഞമാസം 19നായി​രുന്നു. മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടെ സിറിഞ്ച് ജീവനക്കാർ കട്ടിലിൽ ഇട്ടിട്ട് പോയതാണ് ഇതി​നി​ടയാക്കി​യത്. സംഭവത്തിൽ

അശുപത്രിയിലെ ഒമ്പത് ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു.

ഡെങ്കിപ്പനി ബാധിച്ച് വനിതാ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പുതിയവിള സ്വദേശിനിയായ വൃദ്ധ ബാത്ത് റൂമിലേക്ക് പോകുന്നവഴി ഛർദ്ദിച്ചപ്പോൾ ശുചീകരണ ജീവനക്കാരി ഇവർക്ക് നേരെ തട്ടിക്കയറുകയും വൃദ്ധയുടെ മകളളെക്കൊണ്ട് ഛർദ്ദിൽ വാരിപ്പിച്ചതും വിവാദമായിരുന്നു.

നാണക്കേടായി കൈക്കൂലി വിവാദവും

നിർദ്ധന യുവതിയുടെ ഓപ്പറേഷന് 4500 രൂപ കൈക്കൂലി ചോദിച്ച ഗൈനക്കോളജിസ്റ്റിനെതിരെ അന്വേഷണം നടന്നു. കായംകുളം സ്വദേശി മാജിദയായിരുന്നു പരാതിക്കാരി. ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് മൂവായിരം രൂപ തനിക്കും അനസ്തേഷ്യ നൽകുന്ന ഡോക്ടർക്ക് ആയിരത്തി അഞ്ഞൂറ് രൂപയും വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായി മാജിത പറഞ്ഞു. നിരവധി ആരോഗ്യ പ്രശ്നങ്ങളാൽ വീർപ്പുമുട്ടുന്ന മാജിത നാട്ടുകാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഇതിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

യോഗം വിളിക്കേണ്ടത് സൂപ്രണ്ട്

1. രണ്ടുമാസം മുൻപാണ് ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടെ യോഗം അവസാനം നടന്നത്

2. അതിന് ശേഷമായിരുന്നു പ്രധാന വീഴ്ചകളെല്ലാം ആശുപത്രിയിൽ ഉണ്ടായത്

3. മൂന്ന് മാസത്തിലൊരിക്കലാണ് യോഗം കൂടേണ്ടതെങ്കിലും പ്രധാനവിഷയങ്ങളിൽ അടിയന്തരയോഗം വിളിക്കാറുണ്ട്

4. നഗരസഭ ചെയർപേഴ്സണിന്റെ ശുപാർശയിൽ ആശുപത്രി സൂപ്രണ്ട് ആണ് യോഗം വിളിക്കേണ്ടത്

5. സൂചികുത്തിക്കയറിയ സംജവത്തിൽ എച്ച്.എം.സി. നിയമിച്ച ജീവനക്കാർക്കെതിരേയും നടപടി വന്നിരുന്നു

ഡോക്ടറും മരുന്നുമില്ല

 എല്ലാ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ല ,സ്പെഷ്യാലിറ്റി വിഭാഗവുമില്ല

 അത്യാഹിതവിഭാഗത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ല

 രോഗികൾക്ക് ഉപയോഗിക്കാൻ ശുചിമുറിപോലും ആവശ്യത്തിനില്ല

ആശുപത്രി മാനേജിംഗ് കമ്മിറ്റി കൂടിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഈ അനാസ്ഥ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
എ .എം. കബീർ
- കൺവീനർ, യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി