ambala

അമ്പലപ്പുഴ : സൂചനാബോഡുകളുടെയും വെളിച്ചത്തിന്റെയും അഭാവം നിർമിത്തം, നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ അപകടവും മരണവും തുടർക്കഥയാകുമ്പോഴും പരിഹാരത്തിന് നടപടിയുണ്ടാകുന്നില്ല. തോട്ടപ്പള്ളി മുതൽ പറവൂർ വരെയാണ് മരണക്കുഴികളും ലൈറ്റുകളില്ലാത്ത സ്ഥലങ്ങളിലെ താത്ക്കാലിക വൈഡറുകളും മരണക്കെണിയായി മാറുന്നത്.

പുറക്കാട്, വണ്ടാനം, പുന്നപ്ര മിൽമ, പറവൂർ ഭാഗങ്ങളിൽ നിരവധി കുഴികളുമുണ്ട്. വെള്ളം നിറഞ്ഞു കിടക്കുമ്പോൾ കുഴിയുണ്ടെന്നറിയാതെ ഇരുചക്രവാഹനങ്ങൾ വീഴുന്നതും, കുഴികണ്ട് ബൈക്ക് ഒതുക്കുമ്പോൾ മറ്റു വാഹനങ്ങൾ തട്ടി പരിക്കേൽക്കുന്നതും നിത്യസംഭവമായി മാറി. ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്.

താത്ക്കാലിക ഡിവൈഡറുകളും കുഴികളും നിർമ്മാണം പൂർത്തിയാക്കാതെ മെറ്റൽ നിരത്തിയ സ്ഥലങ്ങളുമാണ് വാഹനയാത്രക്കാർക്ക് ദുരിതമായി മാറുന്നത്.

ഡിവൈഡറിൽ തട്ടി വീണ ബൈക്ക്

യാത്രക്കാരൻ ലോറി കയറി മരിച്ചു

തിങ്കളാഴ്ച രാത്രി 11ഓടെ കുറവൻതോട് ഭാഗത്ത് ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ ദാരുണമായി മരിച്ചതാണ് അപകട പരമ്പരയിൽ അവസാനത്തേത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സ് പുറക്കാട് പുത്തൻനട പുത്തൻ പറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ നിബിൻ ഗോപാലകൃഷ്ണനാണ് (35) മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഡിവൈഡറിൽ തട്ടി ബൈക്കിൽ നിന്ന് റോഡിൽ വീണ നിബിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഡിവൈഡർ ഉണ്ടായിരുന്നിടത്ത് സൂചനാ ബോർഡോ വെളിച്ചമോ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിബിലിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: തങ്കച്ചി . ഭാര്യ: അനുശ്രീ. മകൾ: അച്ചു. സഹോദരങ്ങൾ: നിഷ (കാനറ ബാങ്ക് ആലപ്പുഴ), നിഖിൽ (കിഫ്ബി ആലപ്പുഴ).

അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ

 ആഗസ്റ്റ് 17ന് പുറക്കാട് മാത്തേരി ഭാഗത്ത് കാർ ഓട്ടോയിൽ ഇടിച്ച് കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിക്കുട്ടൻ പിള്ളയുടെ ഭാര്യ ലത ( 62 ) മരിച്ചിരുന്നു

 ഏപ്രിൽ 7ന് പുറക്കാട്ട് വാഹനാപകടത്തിൽ പുറക്കാട് സ്വദേശികളായ വിനീത, ഭർത്താവ് സുദേവ്, മകൻ ആദിദേവ് എന്നിവർ മരിച്ചു. പഴയങ്ങാടി ഭാഗത്ത് വെച്ച് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചായിരുന്നു അപകടം

 ജനുവരി 5ന് ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ തിരുവനന്തപുരം പള്ളിക്കൽ പഞ്ചായത്ത് ഉഷാ ഭവനിൽ ബിജു - ഉഷാ ദമ്പതികളുടെ മകൻ ആഷിക്(24) മരിച്ചിരുന്നു. കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം