താത്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി
ആലപ്പുഴ : നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ മകന്റെ ജന്മദിനാഘോഷ വേളയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ മൂന്ന് പവൻ സ്വർണ്ണമാല മോഷണം പോയ സംഭവത്തിൽ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർത്തു.
മോഷണത്തിൽ ആരോപണ വിധേയനായ കണ്ടിജന്റ് ജീവനക്കാരനെ അന്വേഷണ വിധയമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയ തീരുമാനം ചെയർപേഴ്സൺ കെ.കെ.ജയമ്മ യോഗത്തിൽ പ്രഖ്യാപിച്ചു. മോഷണം ജാമ്യമില്ലാ വകുപ്പാണെന്നും നിയമ നടപടി എടുക്കേണ്ടത് പൊലീസാണന്നും യു.ഡി.എഫ് പാർലമെന്ററി പർട്ടി ലീഡർ അഡ്വ. റീഗോരാജൂ പറഞ്ഞു. പൊലീസ് അന്വേഷണം നടത്താൻ ചെയർപേഴ്സൺ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകണമെന്ന് ആവശ്യം കൗൺസിൽ തള്ളിയതോടെ യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്റെ മകന്റെ ജന്മദിന ആഘോഷം നടന്നത്. ഇതിനിടെ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല താൽക്കാലിക ജീവനക്കാരൻ കവർന്നതായാണ് ആരോപണം. മാല മോഷണ വിവാദം കഴിഞ്ഞ കൗൺസിലിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് അന്ന് കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി അംഗങ്ങൾ നഗരസഭ സെക്രട്ടറിക്കും ചെയർപേഴ്സനും പരാതി നൽകി. തിങ്കളാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൺ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചത്.
വാക് പോരും മൗനവും
താൽക്കാലിക ജീവനക്കാരനെതിരെ നടപടിക്ക് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഉപരികമ്മിറ്റിയോട് ശുപാർശ്വ ചെയ്തിട്ട് എൽ.ഡി.എഫ് തീരുമാനം എന്ന് പറയുന്നതിൽ എന്ത് പ്രസക്തി എന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ ചോദ്യം. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നഗരസഭ എടുത്ത തീരുമാനം സ്വാഗതാർഹമാണെന്ന് മുൻ ചെയർപേഴ്സൺ സൗമ്യരാജ് യോഗത്തിൽ പറഞ്ഞു. എന്നാൽ ബി.ജെ.പി പരാതി നൽകിയ വിവരം കൗൺസിൽ യോഗത്തിൽ ചെയർപേഴ്സനോ സെക്രട്ടറിയോ അംഗങ്ങളെ അറിയിച്ചില്ല. യോഗത്തിൽ ഹാജരായ ബി.ജെ.പി അംഗങ്ങൾ യോഗ നടപടികൾ തീരുംവരെ മൗനമായി ഇരുന്നതും ശ്രദ്ധേയമായി.