s

ആലപ്പുഴ/ചേർത്തല: അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ അമ്മയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു. ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറംവീട്ടിൽ ആശ(35), പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെയാണ് ചേർത്തല ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്.

സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം ചേർത്തല പൊലീസ് ആരംഭിച്ചു. തിങ്കളാഴ്ചയാണ് നാടിനെ ഞെട്ടിച്ചസംഭവം പുറത്തറിഞ്ഞത്. ഭർത്താവും രണ്ട് മക്കളുമുള്ള ആശയും ഭാര്യയും ഒരു കുട്ടിയുമുള്ള രതീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. തുടർന്ന്, ഗർഭിണിയായ ആശ ആഗസ്റ്റ് 26ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ സിസേറിയനിലൂടെ ജന്മംനൽകിയ ആൺകുഞ്ഞിനെ 31ന് രതീഷിനെ ഏല്പിക്കുകയും ഇയാൾ കൊലപ്പെടുത്തി വീടിന് മുന്നിൽ കുഴിച്ചിടുകയുമായിരുന്നു. കഴിഞ്ഞദിവസം ആശാപ്രവർത്തക കുഞ്ഞിനെ അന്വേഷിച്ചെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇതിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ രതീഷ് മൃതദേഹം ആദ്യം കുഴിച്ചിട്ടെടുത്തു നിന്ന് പുറത്തെടുത്ത് വീടിനോട് ചേർന്ന ശൗചാലയത്തിലേക്ക് മാറ്റി. പിന്നീട് അറസ്റ്റിലായ രതീഷുമായെത്തി മൃതദേഹം ഇവിട‌െ നിന്ന് പൊലീസ് കണ്ടെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വലിയചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു.

'ഭർത്താവ് പറഞ്ഞു, വീട്ടിലേക്ക് കൊണ്ടുവരരുത് '

നവജാത ശിശുവിനെ രതീഷ് കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്ന് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശ ഗർഭിണിയാണെന്നതും പ്രസവം നടന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ ഭർത്താവിന് അറിയാമായിരുന്നു. കുഞ്ഞുമായി വീട്ടിലേയ്ക്കുവരാൻ പാടില്ലെന്ന ഭർത്താവിന്റെ നിബന്ധനയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് ആശയെയും രതീഷിനെയും നയിച്ചത്. ഏതുവിധേനയും ഒഴിവാക്കാൻ പറഞ്ഞ് ബിഗ്

ഷോപ്പറിലിട്ട് കുഞ്ഞിനെ ജീവനോടെ രതീഷിനെ ആശ ഏല്പിക്കുകയായിരുന്നു. ജനനവിവരം മറച്ചുവയ്ക്കൽ, കൊലപാതകം, തെളിവു നശിപ്പിക്കൽ, ബാലനീതി നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്.