
ആലപ്പുഴ : ജ്യേഷ്ഠൻ തോമസ് ചാണ്ടിയുടെ പാതയിൽ കുട്ടനാട്ടിൽ നിന്ന് എം.എൽ.എ ആയ തോമസ് കെ.തോമസ് മന്ത്രിയാകുമോ എന്ന ചർച്ച എൻ.സി.പിയിൽ മുറുകുന്നു.
സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും മോമസിനെ പിന്തുണയ്ക്കുമ്പോഴും മന്ത്രിസഭയിലെ എൻ.സി.പി പ്രതിനിധി എ.കെ.ശശീന്ദ്രൻ അനുകൂല നിലപാടെടുത്തിട്ടില്ല. വൈകിയാണെങ്കിലും ധാരണപ്രകാരമുള്ള സ്ഥാനം കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് തോമസ് കെ.തോമസ്. പാർട്ടി പറയുന്നത് അനുസരിക്കുന്നവർ നിർദ്ദേശങ്ങൾ പാലിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
?എൻ.സി.പിയിലെ ധാരണ ഒരു വിഭാഗം തള്ളുകയാണല്ലോ
ധാരണയില്ലെങ്കിൽ മന്ത്രിസ്ഥാന വിഷയം ചർച്ചയാകുമോ. മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടെന്നത് നൂറ് ശതമാനം സത്യമാണ്. ആ ധാരണ നേതൃത്വം നടപ്പിലാക്കണം. പാർട്ടിയെ അനുസരിക്കുന്ന പ്രവർത്തകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഞാനായാലും ശശീന്ദ്രനായാലും പാർട്ടി തീരുമാനം അംഗീകരിക്കണം.
?മന്ത്രി പ്രഖ്യാപനം ഉടനുണ്ടാകുമോ
സംസ്ഥാന നേതൃത്വവുമായി സംസാരിച്ചു. അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. പാർട്ടി ഒറ്റക്കെട്ടാണ്. ദേശീയ - സംസ്ഥാന അദ്ധ്യക്ഷന്മാരാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും.
?അർഹതപ്പെട്ട സ്ഥാനം ലഭിക്കാൻ വൈകിയോ
മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണ്. വൈകിയതിൽ എന്റെ ഭാഗത്തും വീഴ്ചയുണ്ട്. ഇനി വൈകില്ലെന്നാണ് വിശ്വാസം. പി.സി.ചാക്കോയുമായി നേരിയ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ നല്ല ബന്ധത്തിലാണ്. പലരും പലതും പറഞ്ഞ് തെറ്റിക്കാൻ ശ്രമിക്കും. ഇപ്പോഴത്തെ ചർച്ചകൾ അപ്രതീക്ഷിതമാണ്. ഒരു യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മന്ത്രിസ്ഥാന ചർച്ച മുറുകിയെന്ന് അറിഞ്ഞത്.