
ആലപ്പുഴ: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി.അൻവറിനെ പിന്തുണച്ച് സി.പി.എം എം.എൽ.എ യു.പ്രതിഭ ഫേസ് ബുക്കിൽ കുറിപ്പിട്ടു. 'പ്രിയപ്പെട്ട അൻവർ, പോരാട്ടം വലിയ കൂട്ടുകെട്ടിനെതിരെയാണ്. പിന്തുണ' എന്നാണ് ഒറ്റവരി കുറിപ്പ്.
എ.ഡി.ജി.പിയെക്കുറിച്ച് അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്ന് പിന്നീട് ഒരു ടിവി ചാനലിൽ പ്രതിഭ പ്രതികരിച്ചു. അത് ഒരിക്കലും ആഭ്യന്തര വകുപ്പിന് എതിരല്ല. തെറ്റ് വിളിച്ചുപറയാൻ കാണിച്ച അൻവറിന്റെ ധൈര്യത്തിനാണ് തന്റെ പിന്തുണ. ഉദ്യോഗസ്ഥരുടെ ക്രിമിനൽ പശ്ചാത്തലം, അനധികൃത ധനസമ്പാദനം തുടങ്ങിയ പ്രവണതകൾ തിരുത്തപ്പെടണം മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമുണ്ടെന്നും പറഞ്ഞു.