ആലപ്പുഴ: അനിശ്ചിതത്വത്തിന് വിരാമമായി​. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച എഴുപതാമത് നെഹ്റുട്രോഫി ജലമേള ഈ മാസം 28ന് പുന്നമടക്കായലി​ൽ അരങ്ങേറും. ഇന്നലെ വൈകിട്ട് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന അടിയന്തര നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. 19 ചുണ്ടൻ വള്ളങ്ങളടക്കം 73 കളിവള്ളങ്ങൾ പോരാട്ടത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ജലമേള മാറ്റിവെച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും സർക്കാർ തലത്തിൽ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടാകാതിരുന്ന പശ്ചാത്തലത്തിലാണ് ഹരിപ്പാട് സ്വദേശിയായ ജലോത്സവ പ്രേമി പ്രജിത്ത് പുത്തൻവീട്ടിൽ വള്ളംകളി സംരക്ഷണ സമിതി എന്ന പേരിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം ജലോത്സവ പ്രേമികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് കക്ഷിരാഷ്ട്രീയത്തിന് അതീതനായി നെഹ്റുട്രോഫി ജലമേള എന്ന ഒറ്റ വികാരത്തോടെ ഗ്രൂപ്പിന്റെ ഭാഗമായി. ചർച്ചകൾ സജീവമായി.

വാക്ക് പാലിച്ച് കളക്ടർ

രാഷ്ട്രീയ പിന്തുണയില്ലാതെ വള്ളംകളി സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ഇരുപത്തിയഞ്ചോളം പേർ ജില്ലാ കളക്ടറെ നേരിൽ കണ്ട് തിയതി പ്രഖ്യാപിക്കണമെന്ന് നിവേദനം നൽകി. ക് ലബ്ബ് ഭാരവാഹികളും, സമിതി ഭാരവാഹികളും, കളിക്കാരും തങ്ങളുടെ പ്രയാസങ്ങളും, പ്രതിസന്ധികളും കളക്ടർക്ക് മുന്നിൽ വിവരിച്ചു. എൻ.ടി.ബി.ആർ യോഗം വിളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യാമെന്ന വാക്ക് ജില്ലാ കളക്ടർ അലക്സ് വ‌ർഗ്ഗീസ് 24 മണിക്കൂറിനുള്ളിൽ പാലിച്ചു.

മത്സരതിയതി പ്രഖ്യാപിച്ച ജില്ലാ കളക്ടർക്കും, ക്യാമ്പയിൻ വിജയിപ്പിക്കാൻ ഒപ്പം നിന്നവർക്കും നന്ദി. ഇത് വള്ളംകളിപ്രേമികളുടെ വിജയമാണ്

-വള്ളംകളി സംരക്ഷണ സമിതി