ആലപ്പുഴ : നെഹ്റു ട്രോഫി ജലമേള 28ന് ഉച്ചക്ക് രണ്ടുമണിക്ക് പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിയുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ ഒഴിവാക്കും. ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാനും ജില്ല കളക്ടറുമായ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിഎക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇക്കാര്യം കമ്മിറ്റിയുടെ മുമ്പാകെ വെക്കുകയായിരുന്നു. സി.ബി.എൽ. ഒഴിവാക്കിയതുമൂലം ഉണ്ടാകുന്ന ബാധ്യത നികത്തുന്നതിന് ആവശ്യമായ തുക നൽകുന്നകാര്യം പരിഗണിക്കുന്നത് ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിനെ ഉൾപ്പെടെ പ്രമുഖരെ വള്ളംകളി ദിനത്തിൽ അതിഥിയായി പങ്കെടുപ്പിക്കാൻ ശ്രമം നടത്തണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു.

വള്ളംകളി സംരക്ഷണ സമിതി 5ന് പുന്നമട ഫിനിഷിംഗ് പോയിന്റിൽ ധർണയ്ക്ക് പകരം കൂട്ടായ്മ സംഘടിപ്പിക്കും

ശിക്കാര വള്ളങ്ങളുടെ റാലി നടത്താനും ആലോചനയുണ്ട്.

എടുത്ത ടിക്കറ്റ് ഉപയോഗിക്കാം

നിലവിൽ ടിക്കറ്റ് എടുത്തവർക്ക് ആ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതുക്കിയ തീയതിയിൽ വള്ളം കളി കാണാവുന്നതിന് അവസരമൊരുക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.പി.മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എൻ.ടി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ, ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റി കൺവീനർ എം.സി. സജീവ് കുമാർ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.