photo

പൂച്ചാക്കൽ: ചോളം കൃഷിയിൽ വിജയഗാഥ രചിച്ച് പുലരി കൃഷിക്കൂട്ടം. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ അഞ്ച് വനിതകൾ ചേർന്നാണ് ചോളം കൃഷി ചെയ്തത്. കഴിഞ്ഞ മൂന്നു വർഷമായി പച്ചക്കറികൾ മാത്രം കൃഷിചെയ്തിരുന്ന ഇവർ ഇത്തവണ ചോളവും ബന്ദിപ്പൂകൃഷിയും പരീക്ഷിച്ചു.

മുൻ വർഷങ്ങളിൽ ചീര,തക്കാളി,വഴുതന തുടങ്ങിയ ഇനങ്ങൾ വിജയകരമായി കൃഷി ചെയ്ത് ഇവർ മികച്ച വരുമാനവും നേടിയിരുന്നു. വടക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ചോളം പാണാവള്ളിയിലെ ചൊരിമണലിലും വിതച്ച് മികച്ച രീതിയിൽ വിളവെടുക്കാൻ പറ്റുമെന്ന് ഇവർ ഇത്തവണ തെളിയിച്ചു. 60 സെന്റ് ഭൂമിയിലായിരുന്നു കൃഷി. ചോളം ചെടിയുടെ വിശാലമായ ഇലകൾക്കൊപ്പം ഉയരത്തിലുള്ള പച്ച നിറത്തിലുള്ള തണ്ടും ആകർഷണീയമാണ്. നന്നായി നിലം ഉഴുത് കളകളില്ലാത്ത ഉറച്ച വിത്താണ് പാകിയത്. .വാർഡ് മെമ്പർ അഡ്വ.എസ്.രാജേഷ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.തൊഴിലുറപ്പ് പദ്ധതി അസി.എൻജിനീയർ മുത്തുലക്ഷ്മി, പുലരി കൃഷിക്കൂട്ടം അംഗങ്ങളായ പ്രീത,ലത അശോകൻ,നസീമ,അസ്മി,ഷീബ എന്നിവർ പങ്കെടുത്തു.