ആലപ്പുഴ : കെട്ടിട നിർമ്മാണത്തിന്റെ പേരിൽ കളക്ടറേറ്റ് വളപ്പിലെ കാന്റീന് പൂട്ടുവീണിട്ട് ഒരുവർഷം. ഇടുങ്ങിയതും പഴക്കം ചെന്നതുമായ കെട്ടിടത്തിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയതോടെ കാന്റീന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന്, സാമൂഹ്യ നീതി വകുപ്പിന്റെ ജില്ലാ ആസ്ഥാനമന്ദിര നിർമ്മാണത്തിനായി പൊളിച്ചുനീക്കി. മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുമ്പോഴും കാന്റീന്റെ കാര്യത്തിൽ തീരുമാനമായില്ല. ഫലത്തിൽ, 500ൽ അധികം ജീവനക്കാരുള്ള കളക്ടറേറ്റിൽ കാന്റീനില്ലാതായി. ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം കഴിക്കാനുള്ള ആശ്രയം ഇതോടെ അടഞ്ഞു. താത്കാലിക കെട്ടിടത്തിലെങ്കിലും കാന്റീൻ പ്രവർത്തിപ്പിക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം.
താത്കാലിക സംവിധാനം വേണം
1. കുടുംബശ്രീ യൂണിറ്റാണ് കാന്റീൻ നടത്തിയിരുന്നത്. ഇവർക്ക് വസ്ത്രം മാറുന്നതിനോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ സൗകര്യമുണ്ടായിരുന്നില്ല.തറ പൊട്ടിപ്പൊളിഞ്ഞതിനാൽ മഴത്ത് ഈർപ്പവും നിലനിന്നിരുന്നു
2. കളക്ടറേറ്റ് വളപ്പിൽ ആസൂത്രണ വിഭാഗം കെട്ടിടത്തിന് കിഴക്ക് ഭാഗത്തായിട്ടാണ്
കാന്റീൻപൊളിച്ച് മൂന്ന് നിലകെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. 1.62 കോടി ചെലവഴിച്ചുള്ള നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിനാണ് ചുമതല.
3. ജില്ല സാമൂഹ്യനീതി ഓഫീസ്, ജില്ല പ്രൊബേഷൻ ഓഫീസ്, കോൺഫറൻസ് ഹാൾ, കാന്റീൻ എന്നീ സൗകര്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ ജില്ലാ സോഷ്യൽ ജസ്റ്റിസിന്റെ ഓഫീസും ഒന്നാം നിലയിൽ കാന്റീനും രണ്ടാം നിലയിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസും പ്രവർത്തിക്കും
പുതിയ കെട്ടിടം പൂർത്തിയാകും വരെ കാന്റീന്റെ പ്രവർത്തനത്തിന് താത്കാലിക സംവിധാനം ഏർപ്പെടുത്താമെന്ന ഉറപ്പ് കളക്ടർ പാലിക്കണം
- സി.സിലീഷ്, ജില്ലാ സെക്രട്ടറി, എൻ.ജി.ഒ യൂണിയൻ
കാന്റീൻ പുനസ്ഥാപിക്കാത്തത് പുറത്തെ ഹോട്ടലുകളെ സഹായിക്കാനാണ്. സാങ്കേതികത്വം പറഞ്ഞ് പൊളിച്ച കാന്റീൻ പ്രവർത്തിക്കാൻ താത്കാലിക സംവിധാനം വേണം
-ടി.എസ്.സുനിൽ, ജില്ല വൈസ് പ്രസിഡന്റ്, എൻ.ജി.ഒ അസോ.
കാന്റീന്റെ പ്രവർത്തനം പുനരാരംഭിക്കാൻ താത്കാലിക സംവിധാനം ഏർപ്പെടുത്താൻ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണം
- ജെ.മഹാദേവൻ, സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ.ജി.ഒ സംഘ്