ആലപ്പുഴ : നെഹ്റുട്രോഫി ജലമേള തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ബോട്ട് ക്ളബ്ബുകാരും വള്ളംകളിപ്രേമികളുമെങ്കിലും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പരിശീലന ക്യാമ്പുകൾ പുനരാരംഭിക്കണം, ട്രയലുകൾ ഉഷാറാക്കണം... തുടങ്ങി എല്ലാ ആദ്യം മുതൽ തുടങ്ങേണ്ടി വരുമ്പോൾ ചെലവിന് പണം എങ്ങനെ കണ്ടെത്തുമെന്നതാണ് ബോട്ട് ക്ളബുകാരെ ആശങ്കയിലാക്കുന്നത്. സംഘാടകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പന്തലും, പവലിയനും ട്രാക്കും അടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം വീണ്ടും ഒരുക്കണം.
അടുത്ത ഇരുപത് ദിവസത്തിനുള്ളിൽ ജലമേളയുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കണം. ഇത് സംബന്ധിച്ച ആലോചനയ്ക്കായി നെഹ്റു ട്രോഫി ജലമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ അടിയന്തര യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരും.
ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തമാണ്. സി.ബി.എൽ മുന്നിൽ കണ്ടാണ് പ്രമുഖ ക്ളബുകാർ പണമിറക്കിയത്. രണ്ടാഴ്ച മുതൽ രണ്ടുമാസം വരെ പരിശീലനം പൂർത്തിയാക്കിയ ബോട്ട് ക്ലബ്ബുകളുണ്ട്. ഒരു മാസം മുമ്പ് പരിശീലനം ആരംഭിച്ച പന്ത്രണ്ടോളം ക്ലബ്ബുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്. ബോട്ട് ലീഗാണ് ക്ലബ്ബുകൾക്കും സമിതികൾക്കും സാമ്പത്തിക ആശ്വാസം നൽകുന്നത്.
.
പുനരാരംഭിച്ച് ഓൺലൈൻ ടിക്കറ്റ് വില്പന
ഇതിനകം വിറ്റ ടിക്കറ്റുകളെല്ലാം സാധുവാണെന്നറിയിച്ച് സംഘാടകർ
ഓൺലൈൻ ടിക്കറ്റ് വിൽപ്പന ഇന്നലെ വൈകിട്ട് പുനരാരംഭിച്ചു
വിവിധ ഓഫീസുകൾ വഴിയുള്ള ടിക്കറ്റ് വിൽപ്പനയും പുനരാരംഭിക്കും
പന്തലുപണിയുടെ കരാറുകാർ വൈകാതെ മടങ്ങിയെത്തും
ഓണം അവധിക്ക് മുമ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കും
തുഴച്ചിൽക്കാരുടെ ക്യാമ്പുകൾ 10ന് മുമ്പ്
10ന് മുമ്പ് ക്യാമ്പുകൾ പുനരാരംഭിക്കാനുള്ള ആലോചനയിലാണ് പ്രമുഖ ബോട്ട് ക്ലബ്ബുകൾ. പഴയടീമിനെ അതേപടി വീണ്ടെടുക്കുന്നത് വെല്ലുവിളിയാണ്. തുഴച്ചിൽക്കാരിൽ പ്രവാസികൾ, പ്രൊഫഷണലുകൾ, കായിക താരങ്ങൾ, സേനാംഗങ്ങൾ തുടങ്ങിയവരുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി. ഇതോടെ പുതിയ ടീം രൂപീകരിക്കേണ്ടിവരും.
വള്ളംകളി നടത്തിപ്പിനായി സബ്കമ്മിറ്റികളുടെ യോഗം ഇന്ന് ചേരും. ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്
- സംഘാടകർ
ട്രയലെടുത്ത വള്ളങ്ങളുടെ ചെലവ് പരിശോധിച്ച് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണം. സി.ബി.എൽ നടത്തിയാൽ മാത്രമേ ക്ലബ്ബുകൾക്ക് പിടിച്ചുനിൽക്കാനാവൂ
- ബോട്ട് ക്ലബ്ബ് ഭാരവാഹികൾ