ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ സ്വകാര്യ ബസ് സർവീസ് ഒരുക്കി ജില്ല ശ്രദ്ധയാകർഷിക്കുന്നു. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സുഖകരമായ യാത്ര ഒരുക്കുന്ന പദ്ധതിക്ക് ഇന്നലെ ആലപ്പുഴ നഗരത്തിൽ തുടക്കമായി.

ജില്ലാ നിയമ സേവന അതോറിട്ടി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസുകളിൽ പതിപ്പിച്ചു തുടങ്ങി. ആദ്യഘട്ടമായി സിറ്റി സർവീസുകളിലാകും സ്റ്റിക്കറുകൾ പതിപ്പിക്കുക. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ വിദ്യാർത്ഥി സൗഹൃദ ബസ് സർവീസ് സ്റ്റിക്കർ ആർ.ടി.എ ബോർഡ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്‌സ് വർഗീസിന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

നിയമ സേവന അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി പങ്കെടുത്തു. ആർ.ടി.ഒ എ.കെ.ദിലു, എ.ഡി.എം ഇൻചാർജ് ദിലീപ് കുമാർ, എം.വി.ഐ ടി.ആർ.തമ്പി, എ.എം.വി.ഐ എസ്.ബിജോയ്, എം.വി.ഐ അനിൽകുമാർ, എ.എം.വി.ഐ കെ.രഞ്ജിത്ത്, ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മികച്ച സർവീസിന് റിവാർഡ്

1.ഏറ്റവും സൗഹൃദപരമായി സർവീസ് നടത്തുന്ന ബസുകൾക്ക് റിപ്പബ്ലിക് ദിനത്തിൽ റിവാർഡ് നൽകും

2.ബസിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരിഗണം ഒരു വർഷക്കാലം നിരീക്ഷിക്കാനും തീരുമാനം

3.കുട്ടികളും ബസ് ജീവനക്കാരും പരസ്പരം സഹകരണത്തോടെ പെരുമാറണമെന്ന് ആർ.ടി.ഒ

6-7

രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് വരെ കൺസെഷൻ അനുവദിക്കുമെന്ന് സ്റ്റിക്കറിൽ രേഖപ്പെടുത്തി

ആലപ്പുഴയിലെ ജനങ്ങൾ സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നവരാണ്. ആ സൗഹൃദ മനോഭാവം കുട്ടികൾക്ക് കൂടി നൽകണം. അതിനുള്ള അവസരമായി ഇതിനെ കാണണം

- കെ.കെ. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്

കുട്ടികളുടെ മാനസികവും കായികവുമായ ഉല്ലാസത്തിനുള്ള കാര്യങ്ങൾ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്. ഇതിനൊപ്പം അവരുടെ സുരക്ഷയ്ക്കും പരിഗണന നൽകും

- ജില്ലാ കളക്ടർ അലക്‌സ് വർഗീസ്