ഹരിപ്പാട് : ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽ ഭിത്തി നിർമ്മിക്കുക, തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച തീരദേശ സംരക്ഷണ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വി.രാജീവ് ജാഥാ ക്യാപ്റ്റനും മത്സ്യത്തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.അനിലാൽ വൈസ് ക്യാപ്റ്റനും, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. കാർത്തികേയൻ ഡയറക്ടറുമായ ജാഥ ആറാട്ടുപുഴയിൽ നിന്ന് ആരംഭിച്ച് തൃക്കുന്നപ്പുഴയിൽ സമാപിക്കും. വൈകിട്ട് 3ന് പത്തിശ്ശേരി ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. എം.മുസ്തഫ അധ്യക്ഷത വഹിക്കും. ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൽ. മൻസൂർ സ്വാഗതം പറയും. എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.പ്രസാദ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി.സി.മധു, പി.ബി.സുഗതൻ, വടക്കടം സുകുമാരൻ, ശ്രീമോൻ പള്ളിക്കൽ, ആർ.അഞ്ജലി, രതീശൻ പിള്ള എന്നിവർ സംസാരിക്കും. തൃക്കുന്നപ്പുഴയിൽ സമാപന സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി .ജിസ് മോൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ പല്ലന ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സുഗതൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി സി. വി.രാജീവ്, കെ. എ കമറുദ്ദീൻ, വടക്കടം സുകുമാരൻ,കെ.അനിലാൽ എന്നിവർ പങ്കെടുത്തു.