ഹരിപ്പാട്: നങ്ങ്യാർകുളങ്ങര റെയിൽവേ മേൽപ്പാല നിർമ്മാണത്തിൽ പദ്ധതി ബാധിതരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ഷൻകൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 750 മീറ്റർ നീളം വരുന്ന റെയിൽവേ മേൽപ്പാലം ചേപ്പാട്, പള്ളിപ്പാട് വില്ലേജുകളിലെ വിവിധ സർവേകളിൽപ്പെട്ട 135.06 ആർസ് ഏറ്റെടുത്താണ് നടപ്പാക്കുന്നത്. ഇതിന്റെ വ്യക്തമായ വിശദീകരണം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല.നിലവിലുള്ള ബസ് സ്റ്റോപ്പുകൾ നിലനിറുത്തി, മേൽപ്പാലത്തിലേക്ക് തദ്ദേശവാസികൾക്ക് കയറാനുള്ള ചവിട്ടുപടികൾ നിർമ്മിക്കണം, സ്ഥലം എം.എൽ.എ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി കളക്ടർ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് അധികൃതർ എന്നിവർ തദ്ദേശവാസികളുടെ യോഗം വിളിച്ചു ചേർക്കണം എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്. മേൽപ്പാലം നിർമ്മാണത്തിന് എതിരല്ലെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരുമായി നിസഹകരണം ആയിരിക്കുമെന്നും ഭാരവാഹികളായ ഇല്ലത്ത് ശ്രീകുമാർ, എം.കെ ശ്രീനിവാസൻ, ഷാഫികാട്ടിൽ, മാത്യു ജോർജ്ജ് പ്ളാക്കാട്ട് എന്നിവർ അറിയിച്ചു.