ambala

അമ്പലപ്പുഴ : ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കണക്കിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശനത്തിന് കർശനനിയന്ത്രണങ്ങളേർപ്പെടുത്തി. ആശുപത്രിയുടെ 4 പ്രവേശന കവാടങ്ങളും അടച്ചുപൂട്ടി. അത്യാഹിത കവാടത്തിൽ നിന്ന് മീറ്ററുകൾ അകലെയുള്ള എ.ബ്ലോക്കിലെ കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ കൂടി മാത്രമേ വാർഡുകളിലും മറ്റും ഇനി മുതൽ പോകാൻ പറ്റുകയുള്ളൂ. ഒ.പി ഹാളിലൂടെയും അത്യാഹിത വിഭാഗത്തിലൂടെയും ജെ.ബ്ലോക്ക് കവാടത്തിലൂടെയും ഇടനാഴികളിൽ കൂടിയും ഇനി ആശുപത്രിക്കുള്ളിൽ കടക്കാനാവില്ല. ഇവിടെയെല്ലാം വാതിലുകൾ അടച്ചുപൂട്ടി .

വൈകിട്ട് 6 മുതൽ പാസ് ഉള്ള ഒരാൾക്ക് മാത്രമേ ഇനി ആശുപത്രിക്കുള്ളിൽ രോഗിക്ക് കൂട്ടിരിക്കാൻ കഴിയുകയുള്ളൂ. 6 മണിക്ക് ശേഷം സന്ദർശകരെ അനുവദിക്കുകയുമില്ല. പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയതോടെ സുരക്ഷാ ജീവനക്കാരും ആശുപത്രിയിൽ എത്തുന്നവരും തമ്മിൽ വാക്കേറ്റവും പതിവായിട്ടുണ്ട്. സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും ആശുപത്രിക്കുള്ളിൽ വിലസാൻ തുടങ്ങിയതോടെയാണ് നടപടികൾ ശക്തമാക്കിയത്.

ആറു മണിക്ക് ശേഷം പാസില്ല

 ഒരു രോഗിക്കൊപ്പം കൂട്ടിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ

 സന്ദർശകർക്ക് 6 മണിക്ക് ശേഷം പാസ് നൽകില്ല

 സന്ദർശകർക്ക് അനുമതി വൈകിട്ട് 4 മുതൽ 6 വരെ മാത്രം

 6മണിക്ക് ശേഷം 5 രൂപ പാസ് ഉപയോഗിച്ചുള്ള പ്രവേശനം നിറുത്തി

സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ആശുപത്രിയിലെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്

- ആശുപത്രി സൂപ്രണ്ട്