ആലപ്പുഴ : ഓണപ്പൂവിളിയുമായി ഇന്ന് അത്തം പിറന്നു. പൂക്കളമൊരുക്കുന്ന തിരക്കിലാകും ഇനിയുള്ള നാളുകളിൽ നാടും നഗരവും. പതിവുപോലെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളാകും നമ്മുടെ മുറ്റത്തെ കളങ്ങളിൽ നിറയുക. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് പൂവിപണിയിൽ ഉണർവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വയനാട് ദുരന്തത്തെത്തുടർന്ന് സർക്കാർ ഓഫീസുകളിൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന നിർദേശം തിരിച്ചടിയായി.

അത്തം പിറന്നാൽ പൂക്കളുടെ വലിയ കൂമ്പാരങ്ങൾ കണ്ടിരുന്ന കടകളിൽ ഇന്നലെ നാമമാത്രമായ സ്റ്റോക്കേ ഉണ്ടായിരുന്നുള്ളൂ. ബംഗളൂരു, മൈസൂർ, ഗുണ്ടൽപ്പെട്ട്, നാഗർഹോലെ, ഹൊസൂർ, സേലം, ഊട്ടി, കോയമ്പത്തൂർ, കമ്പം, തേനി, ശീലയംപട്ടി, ശങ്കരൻകോവിൽ, മധുര, ഡിണ്ടിഗൽ, തോവാള തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഓണംവിപണിയിലേക്ക് പൂക്കൾ എത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ നടന്ന വില്പനയുടെ 20 ശതമാനം മാത്രമേ ഇന്നലെ നടന്നുള്ളുവെന്നാണ് പൂവ്യാപാരികൾ പറയുന്നത്. ബന്ദി, പിച്ചി, ജമന്തി, അരളി, മുല്ല, റോസ എന്നീ പുഷ്പങ്ങളാണ് പ്രധാനമായും അത്തപ്പൂക്കളം ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. അരളിപ്പൂക്കൾക്ക് വില കിലോഗ്രാമിന് 300 രൂപ വരെ ഉയർന്നു. റോസ്, താമര, മുല്ല തുടങ്ങിയവയ്ക്കും പൊള്ളുന്ന വിലയാണ്.

മുൻവർഷങ്ങളേക്കാൾ കച്ചവടം മോശം

1. വയനാട് ദുരന്തത്തെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ആഘോഷം ഒഴിവാക്കണമെന്ന നിർദ്ദേശവും പൂവിപണിയ്ക്ക് തിരിച്ചടിയായി

2. സർക്കാർ ഓഫീസുകൾ,ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പൂക്കളം ഒരുക്കാൻ 20,000രൂപയുടെ വരെ പൂക്കൾ മുൻകാലങ്ങളിൽ വാങ്ങിയിരുന്നു

3. ഇന്നലെ പല പൂക്കടകളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെക്കുറച്ച് സ്റ്റോക്ക് മാത്രമേ എത്തിച്ചിരുന്നുള്ളൂ

600

ജില്ലയിൽ ചെറുതും വലുതുമായ 600ൽ അധികം അംഗീകൃത പൂക്കകച്ചവടക്കാർ

2000

പേരുടെ ഉപജീവനമാർഗം

വിവധ ഇനം പൂക്കളും വിലയും

(കിലോഗ്രാമിന് രൂപയിൽ)

ബന്ദി ...............120-150

റോസ്..................250-300

മുല്ലപ്പൂവ്...............600-900

അരളി...................200-300

വെള്ള ജെമന്തി.....300-400

കൊങ്ങിണി........150-180

വാടാർ മുല്ല........300-450

മുല്ലമുട്ട്...............600-900

അത്തപ്പൂക്കി​റ്റ്...100-250

''സർക്കാർ ഓഫീസുകളി​ൽ ഓണാഘോഷം ഒഴി​വാക്കാനുള്ള സർക്കാർ നി​ർദ്ദേശം മൂലം ടും പൂവിപണിയിൽ വലിയ വില്പന നടക്കുന്നില്ല.

-പ്രസാദ്, ദേവൂട്ടി​ ഫ്ളവർ സ്റ്റോഴ്സ്, മുല്ലയ്ക്കൽ