photo

ആലപ്പുഴ : കാവാലം പാലത്തിന്റെ ടെണ്ടർ നടപടികൾ ഡിസംബറിൽ ആരംഭിക്കും.
അതിമുമ്പ്,​ 73.59 കോടിരൂപയുടെ അന്തിമ എസ്റ്റിമേറ്റിന് കിഫ്ബിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2016ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പുതുക്കി രണ്ടാഴ്ചമുമ്പാണ് കിഫ്ബിക്ക് സമർപ്പിച്ചത്. അടുത്ത യോഗത്തിൽ പരിഗണിക്കും. 11കോടി ചെലവഴിച്ച് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ഇവിടത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന ജോലികൾ 15ന് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്വകാര്യ ടവർ പൊളിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നി​ർമ്മാണ മേൽനോട്ടം.മണി​മലയാറിൽ 435 മീറ്റർ നീളത്തിലും 11മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ ഇരുവശവും 280 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ടാകും.നി​ലവി​ൽ ആറി​ന്റെ ഇരുകരകളി​ലും ആലപ്പുഴ, കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ജങ്കാർ മാർഗമാണെത്തുന്നത്. പാലം പൂർത്തിയാകുന്നതോടെ കാവാലത്ത് നിന്ന് ഇവിടങ്ങളിലേക്ക് വേഗത്തി​ലെത്താം

സർവീസ് റോഡിന്റെ വീതി അംഗീകരിച്ചില്ലെങ്കിൽ വൈകും

1. പാലത്തിന്റെ സർവീസ് റോഡിന് അഞ്ചു മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ ആവശ്യം

2. അത് 3 മീറ്ററായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ.തോമസ് എം.എൽ.എ കിഫ്ബിക്ക് കത്ത് നൽകി

3. കി​ഫ്ബി​ ഇത് അംഗീകരി​ച്ചി​ല്ലെങ്കിൽ വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി​ വരുകയും ടെണ്ടർ വൈകുകയും ചെയ്യും

4. പാലം യാഥാർത്ഥ്യമായാൽ എ.സി​ റോഡി​ൽ നി​ന്നുള്ള ബൈപ്പാസായി ഈ റോഡ് മാറും

5. ചങ്ങനാശ്ശേരി​ നഗരത്തി​ലെ ഗതാഗതക്കുരുക്കി​ൽപ്പെടാതെ വേഗത്തി​ൽ കോട്ടയത്ത് എത്താനും കഴിയും

അന്തിമ എസ്റ്റിമേറ്റ് കിഫ്ബി അംഗീകരിച്ചാൽ ഡി​സംബറി​ൽ ടെണ്ടർ നടപടി​ പൂർത്തിയാക്കി നി​ർമ്മാണത്തിലേക്ക് കടക്കാനാകും

- അസി​.എക്സി​ക്യുട്ടീവ് എൻജി​നിയർ, കേരള റോഡ് ഫണ്ട് ബോർഡ്