boat

ആലപ്പുഴ : മോഷണവും ടൂറിസ്റ്റ് ഗൈഡുകളുടെ അതിക്രമവും പതിവായ ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ പൊലീസിന്റെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു. മുമ്പ് ഇവിടെ പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഒന്നരവർഷമായി സേവനം ലഭിക്കുന്നില്ല. പൊലീസിനായി നൽകിയിരുന്ന മുറി ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞ ദിവസം യാത്രക്കാരെ ചൊല്ലിയുള്ള തർക്കത്തിൽ ടൂറിസ്റ്റ് ഗൈഡ് ,സ്റ്റേഷൻ മാസ്റ്ററെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. യാത്രക്കാരെ കാൻവാസ് ചെയ്യാനെത്തുന്ന ടൂറിസ്റ്റ് ഗൈഡുകൾ നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. ഇതുകൂടാതെ, ജീവനക്കാരുടെയും യാത്രക്കാരുടെയും സാധനങ്ങൾ മോഷണം പോകുന്നതും പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങൾ നശിപ്പിക്കുന്നതും പതിവാണ്. മദ്യപാനികളുടെ ശല്യവും കൂടുതലാണ്. രാത്രി 9.45ന് അവസാന സർവ്വീസ് എത്തുന്നത് വരെ ബോട്ട് ജെട്ടിയിൽ യാത്രക്കാരുമുണ്ടാകും.

അക്രമവും മോഷണവും പതിവ്

1.ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കയറാനെത്തിയവരെ സ്വകാര്യ ബോട്ടിലേക്ക് മാറ്റാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കഴിഞ്ഞദിവസം അക്രമത്തിൽ കലാശിച്ചത്

2.സർവ്വീസ് ബോട്ടുകളോട് ചേർത്താണ് വടക്കേ കരയിൽ സ്വകാര്യ ബോട്ടുകളും വള്ളങ്ങളും കെട്ടിയിടുന്നത്. ഇത് സർവ്വീസ് ബോട്ടുകളുടെ സഞ്ചാരത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്

അവസാന സർവ്വീസുകൾ

 രാത്രി 9ന് ആലപ്പുഴയിൽ നിന്ന് കോട്ടയം

 രാത്രി 9.45ന് നെടുമുടിയിൽ നിന്ന് ആലപ്പുഴ


പ്രതിഷേധിച്ചു

ജീവനക്കാരെ ഓഫീസിൽ കയറി മർദ്ദിച്ചതിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ പ്രതിഷേധിച്ചു. പ്രതിഷേധ കൂട്ടായ്മയിൽ ജീവനക്കാരായ സുമേഷ്, സി,എം,സുരാജ്, ദീപു മണ്ണഞ്ചേരി, രാജേഷ്, ബിജു ആര്യാട്,സി.ടി.ആദർശ്, അനീഷ് മാൻച്ചിറ, വിനോദ് നടുത്തുരുത്ത്, സുരേഷ്.ടി, ഹർഷൽ,പ്രസാദ്, റ്റോൺബി , ജോഷി, സലാം,തുടങ്ങിയവർ പങ്കെടുത്തു.

മുമ്പ് ആലപ്പുഴ ബോട്ട് ജെട്ടിയിൽ പൊലീസിന്റെ സേവനമുണ്ടായിരുന്നു. അക്രമസംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിക്കണം

- ജലഗതാഗത വകുപ്പ് ജീവനക്കാർ