
വള്ളികുന്നം: വള്ളികുന്നം ലക്ഷംവീട് -ചിറയ്ക്കൽ ക്ഷേത്രം റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. മഴ കനത്തതോടെ കുഴ്രകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡായ കടുവിനാൽ വഴി കടന്നുപോകുന്ന റോഡായ ഇത് ആലപ്പുഴ ജില്ലയെ കൊല്ലം ജില്ലാ അതിർത്തിയുമായും കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളുമായും ബന്ധിപ്പിക്കുന്നതാണ്.
റോഡിന്റെ കുറച്ച് ഭാഗങ്ങൾ താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ്. അതിർത്തി പ്രദേശമായതിനാൽ റോഡിന്റെ കാലാകാലങ്ങളിലുള്ള നവീകരണത്തിന് ഗ്രാമ പഞ്ചായത്തോ ജില്ലാ ഭരണകൂടങ്ങളോ മതിയായ ശ്രദ്ധ ചെലുത്താത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം. വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂൾ, താമരക്കുളം വി.വി.എച്ച്.എസ്, പാവുമ്പ എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികളുൾപ്പെടെ നൂറ് കണക്കിന് യാത്രക്കാരാണ് റോഡിനെ യാത്രയ്ക്കായി ആശ്രയിക്കുന്നത്. വള്ളികുന്നം പരിയാരത്ത് കുളങ്ങര ക്ഷേത്രം, പടയണിവെട്ടം ക്ഷേത്രം,ചിറയ്ക്കൽ ക്ഷേത്രം , പാവുമ്പാ ക്ഷേത്രം, കാളി ക്ഷേത്രം, ചിറമുഖത്ത് പള്ളി, താമരക്കുളം മാർക്കറ്റ്, വള്ളികുന്നം, പാവുമ്പ കാർഷിക വിപണികൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് വള്ളികുന്നം, താമരക്കുളം, തഴവ, ശൂരനാട് വടക്ക് നിവാസികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ചത്തിയറ പാലം നിർമ്മാണം അനിശ്ചിതമായി നീളുന്നതിനാൽ താമരക്കുളം, വള്ളികുന്നം, തഴവ പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് അടൂർ,കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് യാത്രയ്ക്കുള്ള ആശ്രയം കൂടിയാണിത്.
ഇരുചക്ര വാഹനയാത്ര ദുഷ്കരം
ഗുരുമന്ദിരം ജംഗ്ഷൻ,ചിറമുഖത്ത് പള്ളി എന്നിവിടങ്ങളിലാണ് റോഡ് കൂടുതൽ തകർന്നത്
റോഡിൽ ഇരുചക്രവാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവായി മാറി
അപകടകരമായ കുഴികൾ രൂപപ്പെട്ടിടത്ത് നാട്ടുകാർ ചെടികളും വാഴകളും നട്ട് മുന്നറിയിപ്പ് നൽകി
തകർന്ന റോഡിലൂടെ സൈക്കിൾ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടുകയാണ്
റോഡ് നവീകരണത്തിന് ടെൻഡർ നൽകിയിട്ടുണ്ട്. മഴയാണ് തടസം. എത്രയും വേഗം ജോലി ആരംഭിക്കും
- ഡി.രോഹിണി, പഞ്ചായത്ത് പ്രസിഡന്റ് , വള്ളികുന്നം